രാജകുമാരി : ശാന്തന്‍പാറയില്‍ പതിമൂന്നുകാരി വിഷം ഉള്ളില്‍ചെന്നു മരിച്ച കേസില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാത്രി സ്വന്തം വീട്ടില്‍നിന്നും ഭക്ഷണം കഴിച്ചശേഷം അടുത്തുള്ള വീട്ടില്‍ താമസിക്കുന്ന പ്രായമായ വല്യമ്മയുടെ വീട്ടിലെത്തി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയുടെ വായില്‍നിന്നും നുരയും പതയും വരുന്നതുകണ്ട വല്യമ്മയാണ് ബന്ധുക്കളെയും പ്രദേശവാസികളെയും വിവരം അറിയിച്ചത്. തുടര്‍ന്ന് രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയില്‍
എത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു.
സംഭവത്തില്‍ പ്രദേശവാസികള്‍ ദുരൂഹത ആരോപിച്ചതോടെ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. കഴിഞ്ഞദിവസം പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി അറിയുന്നത്. സംഭവുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ മാതാവിനെ കൂടുതല്‍ ചോദ്യംചെയ്യും. യഥാര്‍ഥ പ്രതിയെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികളും രംഗത്തെത്തിയതോടെ ശാന്തന്‍പാറ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.