മുംബൈ: പാര്‍ട്ടി പിളര്‍ത്തി കൃത്യം രണ്ടാഴ്ച പിന്നിടുമ്പോള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാറും അനുയായികളും. മുംബൈയിലെ വൈ ബി ചവാന്‍ സെന്ററിലെത്തിയാണ് അജിത് പവാറും സംഘവും ശരദ് പവാറിനെ കണ്ടത്. ശരദ് പവാര്‍ ഉണ്ടെന്നറിഞ്ഞ് മുന്‍കൂട്ടി അനുമതി തേടാതെയാണ് തങ്ങള്‍ വന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.
”ശരദ് പവാറില്‍ നിന്ന് അനുഗ്രഹം വാങ്ങാനാണ് ഞങ്ങള്‍ എല്ലാവരും വന്നത്. എന്‍സിപി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഞങ്ങള്‍ ശരദ് പവാറിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അദ്ദേഹം പ്രതികരിച്ചില്ല. ഞങ്ങള്‍ പറയുന്നതെല്ലാം കേട്ടുനില്‍ക്കുക മാത്രമാണ് ചെയ്തത്”- പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. എല്ലാവരും ശരദ് പവാറിനെ ഇപ്പോഴും ബഹുമാനിക്കുന്നുണ്ടെന്നും പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഒരു വിഭാഗം ബിജെപിയിലേക്ക് മാറിയതിന് ശേഷമുള്ള നിയമസഭയുടെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.