മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. 1000 കോടിക്ക് മുകളിൽ മൂല്യമുള്ള സ്വത്തുക്കളാണ് 1998ലെ ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻ നിയമ്രകാരം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയിലെ റിസോർട്ട്, ഡൽഹിയിലെ ഓഫീസ്, ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി എന്നിവ കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നു.
അജിത് പവാറുമായി ബന്ധമുള്ള വിവിധ സംസ്ഥാനങ്ങളിലെ 1,000 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറിക്ക് മാത്രം 600 കോടി മൂല്യമാണ് കണക്കാക്കുന്നത്. ഗോവയിലെ റിസോർട്ടിന് 250 കോടിയും ദക്ഷണ ഡൽഹിയിലുള്ള ഫാളാറ്റിന് 20 കോടിയും ഓഫീസ് കെട്ടിടത്തിന് 25 കോടി രൂപയുമാണ് മൂല്യം കണക്കാക്കുന്നത്.
ഇതിന് പുറമേ മഹാരാഷ്ട്രയിലെ 27 വസ്തുവകകളും ആദായനികുതി വകുപ്പ് താൽക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. ഈ ഭൂമിയുടെ മൊത്തം മൂല്യം 500 കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. ഈ സ്വത്തുക്കളെല്ലാം അജിത് പവാറിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണെന്നാണ് കരുതുന്നത്. ഇടപാടുകൾ തെളിയിക്കാൻ 90 ദിവസമാണ് അജിത് പവാറിന് അനുവദിച്ചിരിക്കുന്നത്.
എൻസിപി നേതാക്കൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ നടപടിയുടെ ഭാഗമായി നേരത്തെ, സാമ്പത്തിക തട്ടിപ്പ് കേസിൽ എൻ.സി.പി. നേതാവും മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖ് അറസ്റ്റിലായിരുന്നു. 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് ഈ വർഷം ആദ്യം ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
ഇ.ഡി. തനിക്കയച്ച സമൻസ് റദ്ദാക്കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടെങ്കിലും ബോംബെ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ തെറ്റും കെട്ടിച്ചമച്ചതുമാണെന്നാണ് അനിൽ ദേശ്മുഖിൻറെ വാദം. മുംബൈ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന പരംബീർ സിങ് ദേശ്മുഖിനെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിരുന്നു. നൂറുകോടി പ്രതിമാസം ശേഖരിക്കാൻ പോലീസിനോട് ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം.