കൊച്ചി : തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം എല്‍.ഡി.എഫ് ഇന്ന് ചര്‍ച്ച ചെയ്യും. യു.ഡി.എഫിനുള്ളിലെ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചതോടെ 21 കൗണ്‍സിലര്‍മാരും യോഗം ബഹിഷ്‌കരിക്കും. നിലവില്‍ യു.ഡി.എഫ് 21, എല്‍.ഡി.എഫ് 17, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് തൃക്കാക്കരയിലെ കക്ഷിനില. ഇതില്‍ ഒരു സ്വതന്ത്രന്‍ എല്‍.ഡി.എഫിനെയും നാലുപേര്‍ യു.ഡി.എഫിനെയുമാണ് പിന്തുണയ്ക്കുന്നത്.
തൃക്കാക്കര നഗരസഭയില്‍ കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് യു.ഡി.എഫ് തര്‍ക്കം പരിഹരിച്ചത്. അതേസമയം അധ്യക്ഷയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം പ്രതിസന്ധിയിലാണ്. കേസെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കാത്തതിനാല്‍ തുടര്‍നടപടികള്‍ തടസപ്പെട്ടു. അജിത തങ്കപ്പനെതിരെ കേസെടുത്ത് അന്വേഷണം നല്‍കണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി ആഴ്ചകളായിട്ടും സര്‍ക്കാര്‍ നടപടിയായിട്ടില്ല. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമേ വിജിലന്‍സിന് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു.
വിജിലന്‍സ് ഡയറക്ട്രേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഇതുവരെ നടത്തിയ അന്വേഷണം ക്വിക്ക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിട്ടുണ്ട്. ആരോപണത്തില്‍ കഴമ്പുണ്ടെന്നും തുടരന്വേഷണം വേണമെന്നും ക്യു.വി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെയര്‍പേഴ്‌സണെതിരായ കൃത്യമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഓണക്കോടിക്കൊപ്പം നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്സണ്‍ പണം നല്‍കിയെന്നാണ് ആരോപണം.