പാലക്കാട് : പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ ബാലന്‍. വിവാദ വിഷയം അടഞ്ഞ അധ്യായമാണ്. ചിലര്‍ അത് കുത്തിപ്പൊക്കിക്കൊണ്ടുവരുന്നതില്‍ ഗൂഡലക്ഷ്യം ഉണ്ട്. ഒരു വര്‍ഗീയ കലാപവും ഈ സര്‍ക്കാറിന്റെ കാലത്ത് നടക്കില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.
മതനിരപേക്ഷതയുടെ വെള്ളരിപ്രാവുകള്‍ തങ്ങളാണെന്ന് വരുത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന സമുദായങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കലക്കവെള്ളത്തില്‍ മീന്പിടിക്കുന്നവര്‍ മാടപ്രാവുകളായിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാഹചര്യം വഷളാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. ദുരഭിമാനം വെടിഞ്ഞ് സര്‍വകക്ഷിയോഗം വിളിക്കണം. ബി.ജെ.പി എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.