കോഴിക്കോട് : കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതു ബന്ധപ്പെട്ട് ബിജെപി എംപി മേനകാഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍.
കാട്ടുപന്നിയെ കൊല്ലാനുള്ള ഇപ്പോഴത്തെ ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിലുള്ളതാണ്. അവയുടെ എണ്ണം നിയന്ത്രണ വിധേയമായാല്‍ ഇപ്പോഴുള്ള ഉത്തരവ് പിന്‍വലിക്കും. ഗ്യാലറിയിലിരുന്ന് കളി കാണാന്‍ എല്ലാവര്‍ക്കും കഴിയുമെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നികള്‍ കാട്ടില്‍ നിന്നും ഇറങ്ങി വന്ന് മനുഷ്യരെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. മലയോര മേഖലയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കാണാതെ പോകരുത്. കാട്ടുപന്നികളുടെ ശല്യം കുറയ്ക്കാനുള്ള പരിഹാരമാര്‍ഗം എന്താണെന്ന് അവര്‍ പറയുന്നില്ല.
കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് വനനിയമത്തില്‍ പറയുന്നുണ്ട്. വന്യമൃഗങ്ങളുടെ വംശ വര്‍ദ്ധനവ് എത്രത്തോളമാണെന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു പഠനവും നടത്തിയിട്ടില്ല. നാലോ അഞ്ചോ വര്‍ഷം മുമ്പത്തെ റിപ്പോര്‍ട്ട് വെച്ചാണ് ഇപ്പോഴും തീരുമാനങ്ങളെടുക്കുന്നത്. മലയോര മേഖലയിലെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍ നേരിടുന്ന പ്രധാന പ്രശ്‌നം എന്താണെന്നുള്ളത് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെതിരെയാണ് മേനകാഗാന്ധി രംഗത്തെത്തിയത്. കാട്ടുപന്നികളെ കൊന്നൊടുക്കുന്നത് പരിസ്ഥിതിയുടെ സന്തുലാനവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് മേനകാഗാന്ധി ചൂണ്ടിക്കാണിക്കുന്നത്.