കണ്ണൂര്‍ : എന്‍സിപി മുന്നണിമാറ്റത്തിന് ഒരുങ്ങുന്നുവെന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എകെ ശശീന്ദ്രന്‍. തിളക്കമാര്‍ന്ന വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായത്. അത് യുഡിഎഫില്‍ കലഹങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സമാനമായ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫിലും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അത് മനസ്സിലാക്കിക്കൊണ്ടാണ് എന്‍സിപി നേതാക്കളും പ്രവര്‍ത്തിക്കുന്നതെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.
പാലാ, കുട്ടനാട് സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുടെ ചുവടുപിടിച്ചാണ് നിലവിലെ മുന്നണിമാറ്റ ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്നത്. സിറ്റിങ് സീറ്റായ പാലായും കുട്ടനാടും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പനും ടിപി പീതാംബരനും വ്യക്തമാക്കിയപ്പോള്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് ചോദിക്കാന്‍ അവകാശമുണ്ടെന്നു അതിനാല്‍ അവരെ മാനിക്കണമെന്നുമായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.
സീറ്റ് തര്‍ക്കങ്ങള്‍ക്ക് പിന്നാലെ എന്‍സിപി ഇടതുമുന്നണിവിട്ട് യുഡിഎഫില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ തള്ളിയാണ് എ.കെ ശശീന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. എന്‍സിപി യുഡിഎഫിലേക്ക് പോയാല്‍ എകെ ശശീന്ദ്രന്‍ വിഭാഗം കോണ്‍ഗ്രസ് എസില്‍ ലയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. തന്നെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്ത രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരേ രുക്ഷമായ ഭാഷയില്‍ മറുപടി പറയാത്തത് സൗഹൃദത്തിന്റെ പേരിലാണ് എന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.