തിരുവനന്തപുരം : മുട്ടില്‍ മരംകൊള്ള കേസില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. മരംകൊള്ള വിവാദവുമായി ബന്ധപ്പെട്ട് വനം കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെതിരേ തെളിവുണ്ടെങ്കില്‍ നടപടി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശേഷം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സമാന്തരമായ അന്വേഷണവും നടപടിയും കേസിനെ ദുര്‍ബലപ്പെടുത്തും. അതിനാല്‍ മരംകൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് വന്ന ശേഷമേ നടപടിയെടുക്കൂവെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
വിഷയത്തില്‍ വനം വകുപ്പിന്റെ റിപോര്‍ട്ട് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വനംവകുപ്പിന്റെ റിപോര്‍ട്ടിനെ മറികടന്ന് മറ്റൊരു റിപോര്‍ട്ട് വരാന്‍ സാധ്യതയില്ല. കേസില്‍ ധര്‍മടം ബന്ധമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാന സര്‍ക്കാര്‍ കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം മുട്ടില്‍ മരംകൊള്ളക്കേസില്‍ കണ്‍സര്‍വേറ്ററായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ എന്‍.ടി സാജനെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള എപിസിസിഎഫ് റിപോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്തത് വിവാദമായിരിക്കുകയാണ്. മരംകൊള്ളക്കേസില്‍ ശക്തമായ നടപടിയെടുത്ത കീഴുദ്യോഗസ്ഥനെതിരേ സ്വഭാവഹത്യ നടത്തുന്ന രീതിയിലുള്ള ഗൂഢാലോചന എന്‍.ടി സാജന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് എപിസിസിഎഫ് റിപോര്‍ട്ടില്‍ പറയുന്നത്.