കണ്ണൂര്‍ : സിപിഎമ്മിനെ വെട്ടിലാക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദം തണുപ്പിക്കാന്‍ സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനെ രംഗത്തിറക്കുമ്പോള്‍ ജയിക്കുന്നത് ഇപി ജയരാജ തന്ത്രം. പി ജയരാജനെ അണികള്‍ക്കിടയില്‍ അനഭിമതനാക്കുകയാണ് ലക്ഷ്യം. തില്ലങ്കേരിയെ പോലുള്ളവരുടെ ഉറച്ച പിന്തുണയാണ് പിജെയെ കണ്ണൂരിലെ ചെന്താരകമാക്കിയത്. തില്ലങ്കേരിമാരെ ഒതുക്കിനിര്‍ത്തി വിവാദം അവസാനിപ്പിക്കാന്‍ പി.ജയരാജന്‍ തന്നെ വേണമെന്നു തീരുമാനിക്കാന്‍ കാരണം പിജെ ആര്‍മിയെ ഇല്ലായ്മ ചെയ്യലാണ്.
പി.ജയരാജന്‍റെ തണലില്‍ വളര്‍ന്നവരാണ് തില്ലങ്കേരിയില്‍ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണ യോഗത്തില്‍ പി.ജയരാജന്‍ പങ്കെടുക്കണമെന്നു സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത്. ഇപി ജയരാജനെതിരെ പിജെ റിസോര്‍ട്ട് വിവാദം ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇപിയെ തള്ളിക്കളയാത്തവരാണ് പിജെയെ ഇറക്കി തില്ലങ്കേരിയെ തളയ്ക്കുന്നത്. തില്ലങ്കേരിയില്‍ നാളെ വൈകിട്ട് 5ന് പൊതുയോഗത്തില്‍ പി.ജയരാജന്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കും. നേരത്തേ ജില്ലാ സെക്രട്ടറി എം വിജയരാജന്‍ പങ്കെടുക്കാനായിരുന്നു തീരുമാനം. പിന്നീട് പി ജയരാജന്‍ എന്ന പിജെയെ സമ്മേളനത്തിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ പരസ്യമായി തന്നെ തില്ലങ്കേരി ഗ്യാങിനെ പിജെയ്ക്ക് തള്ളി പറയേണ്ടി വരും.
ആകാശ് തില്ലങ്കേരി അടക്കമുള്ളവര്‍ക്ക് പി.ജയരാജനുമായി അടുപ്പമുണ്ടായിരുന്നു. പി.ജയരാജനു വേണ്ടിയുള്ള പ്രചാരണവുമായി ആകാശും കൂട്ടരും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. പി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത്. ആകാശ് ക്യാംപ് ആരാധിക്കുന്ന പി.ജയരാജനെ തന്നെ തില്ലങ്കേരിയില്‍ എത്തിച്ച് ഈ ടീമിനെ പാര്‍ട്ടി വീണ്ടും തള്ളി പറയാനാണ് ലക്ഷ്യമിടുന്നത്. ഡിവൈഎഫ്ഐ വനിത നേതാവിനെ അപമാനിച്ച കേസില്‍ ആകാശിന്‍റെ ടവര്‍ ലൊക്കേഷന്‍ പോലും കണ്ടെത്താനാവുന്നില്ലെന്ന് പോലീസ് പറഞ്ഞത് നേരത്തെ ഉണ്ടാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി.ജയരാജനെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതോടെ പ്രചാരണ പോസ്റ്ററില്‍ അദ്ദേഹത്തിന്‍റെ പേരും ഉള്‍പ്പെടുത്തുകയായിരുന്നു. എം വിജയരാജനും യോഗത്തില്‍ പങ്കെടുക്കും. വിവാദം ഒതുക്കി മുഖം രക്ഷിക്കാന്‍ കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിക്കുകയെന്ന തന്ത്രമാണ് സിപിഎം സ്വീകരിക്കുന്നത്. കണ്ണൂരില്‍ പിജെയെ പിന്തുണയ്ക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുകയാണ് ഇതിലൂടെ ലക്ഷ്യം. തില്ലങ്കേരിയിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി മട്ടന്നൂരില്‍ സിപിഎം യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടിക്കെതിരെ പരസ്യമായി വെല്ലുവിളിയുയര്‍ത്തുന്ന ആകാശ് തില്ലങ്കേരിയും കൂട്ടരുമായി ചങ്ങാത്തം വേണ്ടെന്ന നിര്‍ദ്ദേശമാണ് എം വിജയരാജന്‍ നല്‍കിയത്. പിന്നാലെയാണ് രാഷ്ട്രീയ വിശദീകരണ യോഗം.
ആകാശ് തില്ലങ്കേരി, സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരുമായി സമൂഹമാധ്യമത്തില്‍ ഏറ്റുമുട്ടാന്‍ പോയ പാര്‍ട്ടി അംഗങ്ങളെ സിപിഎം വിലക്കിയതിനെ തുടര്‍ന്ന് അവര്‍ പിന്‍വാങ്ങിയിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ നടന്ന ഏറ്റുമുട്ടലിനിടയ്ക്കായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് കൊല നടത്തിയതെന്ന തരത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശിന്‍റെ വിവാദ വെളിപ്പെടുത്തലുണ്ടായത്.
പാര്‍ട്ടിക്ക് കൊലയില്‍ ബന്ധമില്ലെന്ന് സ്ഥാപിക്കാനാണ് പൊതു യോഗം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ യോഗത്തില്‍ പിജെ എത്തണമെന്ന തീരുമാനമെടുത്തത്. പിന്നാലെ യോഗത്തില്‍ പങ്കെടുക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ സിപിഎം സംസ്ഥാന നേതൃത്വമാണ് ചുമതലപ്പെടുത്തിയത്. ജനങ്ങള്‍ക്ക് ബോധ്യം വരണമെങ്കില്‍ പി.ജയരാജന്‍ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.
ആകാശിന് മറുപടി പറയേണ്ടതില്ലെന്നായിരുന്നു നേരത്തേ ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. പിന്നീട് അത് പിജെ പറയട്ടേ എന്നാക്കി. ഫലത്തില്‍ ഇപി ജയരാജനും എംവി ജയരാജനുമാണ് വിജയിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തോടെ ഒഴിവു വന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗമെന്ന പദവിയിലേക്ക് പിജെയെ പരിഗണിക്കുമെന്ന സൂചനയും ഉണ്ട്. ഇത് നല്‍കിയാണ് യോഗത്തിന് പിജെയെ എത്തിക്കുന്നത്. എന്നാല്‍ അവസാന നിമിഷം ഈ പദവി പിജെയ്ക്ക് കൊടുക്കില്ലെന്ന് കരുതുന്നവരുമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലേക്ക് കടക്കും മുന്‍പ് ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദം തീര്‍ക്കാനാണ് ശ്രമം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തില്ലങ്കേരി ലോക്കല്‍ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകള്‍ക്കും സിപിഎം കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.