കണ്ണൂര്‍: വിയ്യൂര്‍ ജയിലില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അതിസുരക്ഷ ജയിലില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിക്ക് മെഡിക്കല്‍ പരിശോധന നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ജയിലിലെ ആക്രമണത്തില്‍ ആകാശിന് പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം. തൃശ്ശൂര്‍ ജില്ല ആശുപത്രി സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കാനാണ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍ റിപ്പോര്‍ട്ടും സംഭവ ദിവസത്തെ സി.സി ടി.വി ദൃശ്യങ്ങളും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു. ആകാശിന്റെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
ജയിലില്‍ ആകാശ് കിടക്കുന്ന ഭാഗം തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് അസിസ്റ്റന്റ് സൂപ്രണ്ട് രാഹുലിനെ മര്‍ദ്ദിച്ചതെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് രാഹുലിനെ ആകാശ് തില്ലങ്കേരി മര്‍ദ്ദിച്ചെന്നാണ് കേസ്. കാപ്പ ചുമത്തി വിയ്യൂര്‍ ജയിലില്‍ പ്രവേശിപ്പിച്ച ആകാശ് കഴിയുന്ന സെല്ലില്‍ ഇയാള്‍ കിടക്കുന്ന ഭാഗം തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.