തിരുവനന്തപുരം : എകെജി സെന്റർ ആക്രമണത്തിൽ അറസ്റ്റിലായ ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തി അന്വേഷണ സംഘം. ഫോറൻസിക് ലാബിലാണ് ‘സൂപ്പർ ഇംപോംസിംഗ്’ എന്ന താരതമ്യ പരിശോധന നടത്തിയത്. സിസിടിവി ദൃശ്യങ്ങളിലെ സ്കൂട്ടർ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായാണ് പരിശോധന നടത്തിയത്.
ഹോണ്ടയുടെ ഡിയോ സ്റ്റാൻഡേർഡ് വിഭാഗത്തിൽപ്പെട്ട സ്കൂട്ടറാണ് ജിതിൻ ആക്രമണത്തിനായി ഉപയോഗിച്ചത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജിതിന്റെ സുഹ്യത്തായ സ്ത്രീയാണ് സ്കൂട്ടർ എത്തിച്ച് നൽകിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഗൗരീശപട്ടത്ത് കാറിൽ കാത്തു കിടന്ന ജിതിന് ഈ സ്ത്രീ സ്കൂട്ടർ കൈമാറി. എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ ശേഷം തിരിച്ചെത്തി ഈ സ്കൂട്ടർ ജിതിൻ കൈമാറുകയായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. തുടർന്ന് ജിതിന്റെ സുഹൃത്തായ സ്ത്രീയാണ് ഈ സ്കൂട്ടർ ഓടിച്ചു പോയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.