തിരുവനന്തപുരം : വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ കേസന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് ലഭിച്ചു. കേസിലെ ഒന്നാം പ്രതിയും യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരനുമായ സരിത്തിന്റെ സുഹൃത്ത് അഖിലില്‍ നിന്നാണ് തെളിവുകള്‍ കണ്ടെടുത്തത്. ഇയാളെയും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു.
കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കാന്‍ ഉപയോഗിച്ച ലാപ് ടോപ്പ്, സീല്‍ നിര്‍മ്മിച്ച മെഷീന്‍ എന്നിവ കസ്റ്റംസ് പിടിച്ചെടുത്തു. കസ്റ്റംസ് ക്ലിയറന്‍സിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വ്യക്തമായി. അഖിലിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. സരിത്തിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതിയെ എന്‍ഐഎ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ കോടതിയില്‍ എത്തിച്ചത്.
കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. ഒന്നര വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന വീട് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് പൂട്ടാനാണ് കസ്റ്റംസ് സംഘം എത്തിയത്. എന്നാല്‍ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കല്‍ താക്കോലുണ്ടെന്ന് മനസിലായതോടെയാണ് വീട് തുറന്ന് പരിശോധന ആരംഭിച്ചത്.