തിരുവനന്തപുരം : ഇറാൻ-അമേരിക്ക യുദ്ധം തുടരുമ്പോൾ സ്വർണത്തിനു മാത്രമല്ല, കുടിവെള്ളം ശുദ്ധീകരിക്കാനുപയോഗിക്കുന്ന ആലത്തിന്റെ വിലയും കുതിക്കുന്നു. ആലത്തിന് ക്ഷാമവുമുണ്ട്. ഇതോടെ വെള്ളം ശുദ്ധീകരിക്കാനുള്ള ജല അതോറിറ്റിയുടെ ചെലവ് ഇരട്ടിയായി. ആലത്തിന്റെ (അലുമിനീയം സൾഫേറ്റ്) പ്രധാന അസംസ്‌കൃത വസ്തു സൾഫ്യൂരിക് ആസിഡാണ്. ഇതുണ്ടാക്കാനുള്ള സൾഫറിന്റെ 84 ശതമാനത്തോളം ഇറക്കുമതിചെയ്യുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നാണ്. ഖത്തർ, യു.എ.ഇ., ഒമാൻ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ ഇറക്കുമതി.
കഴിഞ്ഞ സാമ്പത്തികവർഷം ഒരു ടൺ ആലം 20,000-ത്തിലേറെ രൂപയ്ക്കാണ് ജല അതോറിറ്റി വാങ്ങിയത്. ഇത്തവണ ടെൻഡർ വിളിച്ചപ്പോൾ 38,000 മുതലാണ് കരാറുകാർ ആവശ്യപ്പെട്ടത്. വർഷം 4500 ടൺ ആണ് ജലഅതോറിറ്റിക്കു വേണ്ടത്. വെള്ളത്തിലെ അഴുക്കും ചെളിയും മാറ്റാനാണ് ഇത് ഉപയോഗിക്കുന്നത്. വില കൂടിയതോടെ ആലം വാങ്ങാനുള്ള കരാർ കാലാവധി ഒരു വർഷത്തിൽനിന്ന് ആറുമാസമാക്കി ജലഅതോറിറ്റി കുറച്ചു. സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനിടെ മാസംതോറും ആലത്തിനുമാത്രം 50 ലക്ഷം രൂപ അധികം നീക്കിവെക്കേണ്ടിവരും.































