കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ്. ‘പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രയേ പറയാനുള്ളൂ, ചായ കുടിക്കാന്‍ പോയതല്ലല്ലോ’ എന്നാണ് പോസ്റ്റ്. പന്തീരാങ്കാവ് കേസില്‍ അലന്‍ ഷുഹൈബും താഹ ഫസലും അറസ്റ്റിലായത് കേരളത്തില്‍ രാഷ്ട്രീയ വിവാദമായപ്പോള്‍ ‘ഇരുവരും ചായകുടിക്കാന്‍ പോയപ്പോഴല്ലല്ലോ അറസ്റ്റിലായത്’ എന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ന്യായീകരിച്ചിരുന്നു. ഇതേ പരാമര്‍ശം ഉപയോഗിച്ചാണ് അലന്‍ ഷുഹൈബിന്റെ പോസ്റ്റ്.പിണറായി വിജയന്റെ പരാമര്‍ശത്തോടെയാണ് അന്ന് പന്തീരാങ്കാവ് കേസില്‍ സിപിഎമ്മിന്റെ മൊത്തം നിലപാട് മാറിയതെന്ന് അലന്‍ ഷുഹൈബ് നേരത്തെ പറഞ്ഞിരുന്നു.
ജയിലിനകത്ത് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ പോലും ഈ മാറ്റമുണ്ടായെന്നും പറഞ്ഞിരുന്നു. 2019 നവംബറിലായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ വെച്ച് അലനെയും താഹയെയും പോലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നും മാവോയിസ്റ്റ് ആശയപ്രചാരണം നടത്തിയെന്നും ആരോപിച്ചായിരുന്നു നടപടി. പിന്നാലെ ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തുകയും കേസ് എന്‍ഐഎ ഏറ്റെടുക്കുകയുമായിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് എതിരെ പ്രാഥമിക തെളിവ് പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയിരുന്നു. പിന്നീട് സുപ്രിംകോടതിയും ഇവരുടെ ജാമ്യം ശരിവെച്ചിരുന്നു.




























