കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ കേസില്‍ കുറ്റപത്രം പത്ത് ദിവസത്തിനകം നല്‍കും. മൂന്ന് വൈദികരടക്കം അഞ്ച് പ്രതികള്‍ കേസില്‍ ഉണ്ടാകുമെന്നാണ് സൂചന. സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് വരുത്തി തീര്‍ക്കുന്നതിന് വ്യാജ ബാങ്ക് രേഖകള്‍ ഉണ്ടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ നാല് പ്രതികള്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മറ്റ് രണ്ട് വൈദികരുടെ പങ്കിലും അന്വേഷണം പൂര്‍ത്തിയായി.
2019 ജനുവരിയില്‍ നടന്ന സിറോ മലബാര്‍ സിനഡിലായിരുന്നു മുന്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് കര്‍ദ്ദിനാളിനെതിരായ ബാങ്ക് രേഖകള്‍ ഹാജരാക്കിയത്. എന്നാല്‍ പരിശോധനയില്‍ ഈ ബാങ്കുകളില്‍ കര്‍ദ്ദിനാളിന് അക്കൗണ്ട് ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് സിനഡ് നിര്‍ദ്ദേശ പ്രകാരം പോലീസില്‍ പരാതി നല്‍കിയത്. ജേക്കബ് മനത്തോടത്തിനെതിരെയും കേസെടുത്തെങ്കിലും കുറ്റകൃത്യത്തില്‍ പങ്കില്ലാത്തതിനാല്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.