ആലപ്പുഴ : ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായും മന്ത്രി പറഞ്ഞു. പ്രതികൾ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും ഏവിടെപോയാലും പിടിയിലാകുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീതിന്‍റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ.
ആലപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രതികൾ സംസ്ഥാനം വിട്ടുപോയെങ്കിൽ ഉത്തരവാദിത്തം പോലീസിന്. മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. കേരളത്തിലെ ക്രമസമാധാന നില തകർന്നു. പോലീസ് നിഷ്ക്രീയമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കുറ്റകൃത്യങ്ങൾക്കായി ആംബുലൻസ് ഉപയോഗിക്കുന്ന പ്രവണത തടയണം. സംഘടനകൾക്ക് പരിപൂർണ്ണ നിയന്ത്രണം നൽകാതെ സർക്കാരിന് ഇടപെടാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.