ആലപ്പുഴ : നഗരത്തില്‍ വൃദ്ധയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. കോണ്‍വെന്റ് സ്‌ക്വയറില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് അധ്യാപിക ലില്ലി കോശിയെയാണ് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടത്. 86കാരി ലില്ലി കോശിയും വേലക്കാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
മുഖം മൂടി ധരിച്ച് ബൈക്കില്‍ എത്തിയ അജ്ഞാതന്‍ കൊറിയര്‍ നല്‍കാന്‍ വന്നതാണെന്നും വാതില്‍ തുറക്കാനും ആവശ്യപ്പെട്ടു. വാതില്‍ തുറന്നതോടെ അകത്തു കയറിയ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പണമോ സ്വര്‍ണമോ ഇല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ അടുത്ത ദിവസം വീണ്ടും വരുമെന്ന് പറഞ്ഞ് അയാള്‍ മടങ്ങി. അജ്ഞാതന്‍ വന്ന ബൈക്ക് നമ്പര്‍ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ലില്ലി കോശിയുടെ മക്കളും മരുമക്കളും ഏറെ നാളായി വിദേശത്താണ്. ഇവരുമായി ശത്രുതയുള്ള ആളാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ആളെ പരിചയമില്ലെന്നാണ് മക്കളുടെ പ്രതികരണം.