ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളിയിൽ മത്സ്യത്തൊഴിലാളിയായ സിപിഎം പ്രവർത്തകനെ കാണാതായതിൽ ദുരൂഹത. ആലപ്പുഴ തോട്ടപ്പള്ളിയിലെ ലോക്കൽ കമ്മിറ്റി അംഗവും മത്സ്യ തൊഴിലാളിയും ആയ സജീവനെയാണ് ഇന്നലെ മുതലാണ് കാണാതായത്. ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ സജീവനെ ഒരു വിഭാഗം മാറ്റിയതാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത് എത്തി.
അതേസമയം കരിമണൽ ഖനന വിരുദ്ധ സമരത്തിന്‍റെ ഭാഗമായിരുന്ന ഇയാളുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് സമരസമിതിയും ആരോപിക്കുന്നു. സിപിഎം പാർട്ടി ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു സജീവനെ കാണാതായതിൽ ചില സംശയങ്ങൾ ബന്ധുക്കൾക്കുണ്ട്. വിഭാഗീയ പ്രശ്നങ്ങൾ അടക്കം ഇവർ ചൂണ്ടിക്കാട്ടുന്നു. അമ്പലപ്പുഴ പോലീസില്‍ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
മറ്റൊരു ആക്ഷേപം കരിമണൽ കമ്പനിക്കെതിരെയുള്ള സംയുക്ത സമരസമിതിയുടേതാണ്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധ സമരത്തിന്‍റെ സജീവ സാനിധ്യമായിരുന്നു സജീവൻ. തിരോധാനത്തിൽ കരിമണൽ കമ്പനിയ്‌ക്കെതിരെയാണ് സംയുക്ത സമരസമിതി ആക്ഷേപം ഉന്നയിക്കുന്നത്. വിഷയത്തില്‍ സമരസമിതി പ്രതിഷേധം ശക്തമാക്കി. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത അമ്പലപ്പുഴ പോലീസ് അന്വേഷണം തുടങ്ങി.