കിളികൊല്ലൂര്‍ : മദ്യപിക്കാന്‍ പണം നല്‍കാത്തതിലുള്ള വിരോധത്തില്‍ ബന്ധുവായ വയോധികയെ ദേഹോപദ്രവം ഏല്‍പിച്ച യുവാവ് പിടിയില്‍. കിളികൊല്ലൂര്‍ മങ്ങാട് കേളീ ക്ലബിന് സമീപം അറുനൂറ്റിമംഗലം കൃഷ്ണകൃപയില്‍ ശ്രീശരത് (28) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാളുടെ മാതാവും ശ്രീശരത്തും 80 വയസ്സുള്ള സരസ്വതിഅമ്മയും ഒന്നിച്ചാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി 10ന് ശ്രീശരത് മദ്യപിക്കുന്നതിനായി മുത്തശ്ശിയോട് പണം ചോദിക്കുകയും പണം കൊടുക്കാത്തതിലുള്ള വിരോധത്തില്‍ ഇവരെ ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്യുകയായിരുന്നു. അടുത്ത വീട്ടിലേക്ക് ഓടിപ്പോയെങ്കിലും പ്രതി പിന്തുടര്‍ന്ന് തടിക്കഷണം കൊണ്ട് വയോധികയെ അടിച്ചു. ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ ശ്രീനാഥ്, സജി, ജാനസ് പി ബേബി, സി.പി.ഒ സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.