തൃശ്ശൂർ : പോലീസ് അക്കാദമിയിൽ പരിശീലനത്തിനെത്തിയവരുടെ മദ്യപാനം പിടികൂടി. ആരോഗ്യപരിശോധനയ്ക്ക് ഹാജരാക്കുന്നതിനിടെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ഹവീൽദാർമാരുടെ കൈവശമുണ്ടായിരുന്ന വയർലെസ്സെറ്റും കാണാതായി. പോലീസ് അക്കാദമിയിൽ കോവിഡ് സാഹചര്യത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന എസ്.ഐ. പരിശീലനമാണ് നടക്കുന്നത്.
ഓണത്തിന് ഇവർക്ക് വീട്ടിലേക്കുപോവാൻ അനുമതിയുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ബാരക്കിനു മുകളിലിരുന്ന് എട്ടുപേരടങ്ങുന്ന സംഘം മദ്യപിച്ചിരുന്നത്. ശബ്ദംകേട്ടെത്തിയ ഹവീൽദാർമാരാണ് വിവരം റിപ്പോർട്ട് ചെയ്തത്. ഇവരെ കണ്ടതോടെ പലരും പലവഴിക്കോടി. കൈയിൽ കിട്ടിയവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടെയാണ് രണ്ടുപേർ ഓടിരക്ഷപ്പെട്ടത്. മറ്റുള്ളവരെ പരിശോധിച്ചതിൽ മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു.
മാസ്ക് ധരിക്കുന്നതിനെച്ചൊല്ലിയും ഇവിടെ തർക്കമുണ്ടായത്രേ. ഇതിനു പിന്നാലെയാണ് ഹവീൽദാർമാരുടെ കൈയിലുണ്ടായിരുന്ന വയർലെസ് സെറ്റുകളിലൊന്ന് കാണാതായതും. പ്രതികാരത്തിനായി എസ്.ഐ ട്രെയിനിമാർ ഒളിപ്പിച്ചതാണെന്നാണ് ആക്ഷേപം. അക്കാദമിയിലെ പറമ്പിലും കാടുപിടിച്ചു കിടക്കുന്നിടത്തുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും വയർലെസ് സെറ്റ് കിട്ടിയിട്ടില്ലെന്നാണ് പറയുന്നത്. എന്നാൽ വയർലെസ് സെറ്റ് നഷ്ടപ്പെട്ടതിൽ പരാതി നൽകിയിട്ടില്ല.