സൂപ്പർഹിറ്റ് ചിത്രം കുറുപ്പിനു ശേഷം ദുൽഖർ സൽമാനും സംവിധായകൻ ശ്രീനാഥ് രാേജന്ദ്രനും വീണ്ടും ഒന്നിക്കുന്നു. അലക്സാണ്ടർ എന്നാണ് ചിത്രത്തിന്റെ പേര്. ഈ സിനിമയ്ക്ക് കുറുപ്പ് സിനിമയുടെ പ്രമേയവുമായി ബന്ധമില്ല. കുറുപ്പ് സിനിമയുടെ ക്ലൈമാക്സിൽ അലക്സാണ്ടർ എന്ന കഥാപാത്രത്തിന്റെ ഗറ്റപ്പിൽ ദുൽഖർ എത്തുന്നുണ്ട്. ഇതേ ഗെറ്റപ്പിൽ തന്നെയാകും പുതിയ ചിത്രത്തിൽ ദുൽഖർ എത്തുക.
കുറുപ്പ് സിനിമയുടെ 50ാം ദിവസം അലക്സാണ്ടർ എന്ന പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. 2022 ൽ സിനിമയുടെ ചിത്രീകരണം തുടങ്ങും. നവംബർ 12ന് തിയറ്ററുകളിലെത്തിയ കുറുപ്പ് ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു. മലയാള സിനിമയുടെ പ്രതാപകാലത്തിലേക്ക് തിരികെ പോകുവാൻ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമെത്തിയ കുറുപ്പിനു കഴിഞ്ഞു. മലയാളത്തിൽ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോർഡ് ഓപ്പണിങ് കുറുപ്പിന് ലഭിച്ചു.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നായിരുന്നു നിർമാണം. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിച്ചു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ടായിരുന്നു.
കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാന്റെ പ്രൊഡക്‌ഷൻ ഡിസൈൻ ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിച്ചത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.