തലശ്ശേരി : ജീവിതത്തിലുടനീളം മാനവികമൂല്യങ്ങളെ കാത്തുസൂക്ഷിച്ച ഗാന്ധിയനായ കെ.പി.എ. റഹീമിന്‍റെ സ്മരണക്കായി പാനൂര്‍ ആസ്ഥാനമായുള്ള കെ.പി.എ.റഹീം സ്മൃതി വേദി ഒരുക്കിയ പ്രഥമ പുരസ്കാരത്തിന് കേരള മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് അര്‍ഹനായി. ചിന്തകൊണ്ടും വിജ്ഞാനംകൊണ്ടും വാക്കുകള്‍കൊണ്ടും കേരളീയ മനസ്സുകളില്‍ ഇടംനേടിയ അസാമാന്യ പ്രതിഭയെന്നതിനാലാണ് പുരസ്കാര ജേതാവായി അലക്സാണ്ടര്‍ ജേക്കബിനെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗങ്ങളായ പ്രഫ. ബി. മുഹമ്മദ് അഹമ്മദും ടി.പി.ആര്‍. നാഥും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പതിനൊന്നായിരത്തി ഒന്ന് രൂപയും ശില്‍പവും അടങ്ങുന്ന പുരസ്കാരം ജനുവരി 13ന് പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ സമ്മാനിക്കും. 2019 ജനുവരി 13ന് മാഹിയിലെ പുത്തലം ക്ഷേത്രത്തിലെ ആല്‍ത്തറക്കടുത്താണ് റഹീം മാസ്റ്റര്‍ ആകസ്മികമായി മരിച്ചത്. വാര്‍ത്ത സമ്മേളനത്തില്‍ യാക്കൂബ് എലാങ്കോട്, അശ്റഫ് പൂക്കോം, കെ.വി. മനോഹരന്‍, എ.സി. കുഞ്ഞിക്കണ്ണന്‍ എന്നിവരും പങ്കെടുത്തു.