കോന്നി : വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ അൽഫിയാ ജലീലിൻ്റെ “പറയാനുള്ളത് കേൾക്കാമോ” എന്ന കൃതിയുടെ പ്രകാശന കർമ്മം കോന്നിയിൽ ആറന്മുള എംഎൽഎ വീണാ ജോർജ് നിർവ്വഹിച്ചു.
നമ്മുടെ സമൂഹത്തിലെ അനീതികളോട് പ്രതികരിക്കുന്നതിൽ അസാമാന്യമായ കഴിവാണ് യുവ എഴുത്തുകാരി അൽഫിയാ ജലീലിന് ഉള്ളതെന്ന് ആറന്മുള എം ൽ എ വീണ ജോർജ് പറഞ്ഞു. വകയർ മേരിമാതാ ആഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പേരാണ് അൽഫിയാ എഴുതിയ പുസ്തകത്തിനുള്ളത്. അൽഫിയയുടെ പുസ്തകത്തിലെ ഓരോ വരികളിലും വ്യക്തമായ കാഴ്ച്ചപാടുകളും വൈവിധ്യമായ കുറിപ്പുകളും അടങ്ങിയിട്ടുണ്ട്. സമൂഹത്തിലെ ഒരുപാട് കാര്യങ്ങളെ തൊട്ടറിഞ്ഞാണ് അൽഫിയാ പ്രതികരിച്ചിരിക്കുന്നതെന്നും വീണ ജോർജ് എം ൽ എ കൂട്ടിച്ചേർത്തു.
അഡ്വ കെ യു ജനീഷ് കുമാർ എം ൽ എ അധ്യക്ഷത വഹിച്ചു. പുലിറ്റ്‌സർ പൗബ്ലിക്കേഷൻസ് പ്രതിനിധി സെബാസ്റ്റിൻ കവി പുസ്തക പരിചയം നടത്തി. സി പി ഐ കോന്നി ലോക്കൽ കമ്മറ്റി സെക്രട്ടറി എ ദീപകുമാർ, മാന്നാനം കെ ഇ കോളജ് പ്രൊഫ ഡോ രാജു വള്ളിക്കുന്നം, സി പി ഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ, വകയർ സെൻറ് മേരിസ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ വർഗീസ് കൈത്തോൺ, കോന്നി ഗ്രാമപഞ്ചായത്തഗം ആനി സാബു, പേരൂർ സുനിൽ, എഴുത്തുകാരി അൽഫിയാ ജലീൽ തുടങ്ങിയവർ സംസാരിച്ചു.