ലക്‌നൗ: അച്ഛന്‍ വിഷം കുടിച്ച് മരിച്ചതിന് പിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കി സഹോദരങ്ങള്‍ പങ്കുവെച്ച വീഡിയോ പുറത്ത്. അച്ഛന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ രണ്ടുദിവസത്തിനകം ജീവനൊടുക്കുമെന്ന് പറഞ്ഞാണ് സഹോദരങ്ങള്‍ വീഡിയോ അപ്‌ലോഡ് ചെയ്തത്. സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെ അച്ഛന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടുമെന്ന് എസ്പി അതുല്‍ ശര്‍മ്മ കുട്ടികള്‍ക്ക് ഉറപ്പുനല്‍കി.
ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. ഓഗസ്റ്റ് മൂന്നിനാണ് അച്ഛന്‍ മരിച്ചത്. അലിഗഡിലെ ശ്രീ ഗാന്ധി സ്മാരക് കോളജിലെ ജീവനക്കാരനായിരുന്നു പിതാവ്. മുഴുവന്‍ ശമ്പളവും നല്‍കുന്നതിന് പ്രിന്‍സിപ്പലും ക്ലര്‍ക്കും രണ്ടുലക്ഷം രൂപ അച്ഛനോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. പകുതി ശമ്പളവമാണ് പതിവായി നല്‍കിയിരുന്നത്. പലവഴികളിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ കൈമാറി. ബാക്കി പണത്തിനായി പ്രിന്‍സിപ്പലും ക്ലര്‍ക്കും നിരന്തരം ശല്യം ചെയ്തതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിന്റെ മനോവിഷമത്തില്‍ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിക്കുന്നതിന് തൊട്ടുമുന്‍പ് തന്റെ ദുരനുഭവം വ്യക്തമാക്കി പിതാവ് പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്.
എന്നാല്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരെയും പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതില്‍ മനംനൊന്ത മക്കള്‍ വീഡിയോയിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.