ആലപ്പുഴ : സ്വന്തം ബ്രാൻഡിൽ മെഡിക്കൽ ഷോപ്പുകളിലേക്കു നേരിട്ടു മരുന്നെത്തിക്കാനൊരുങ്ങി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്(കെ.എസ്.ഡി.പി.). അടുത്തവർഷത്തോടെ ഇതു നടപ്പാകും. നിലവിൽ വിപണിവിലയെക്കാൾ 50 ശതമാനം കുറച്ചാണു കെ.എസ്.ഡി.പി. മരുന്നുകൾ സർക്കാർ സ്ഥാപനങ്ങൾക്കും മറ്റുസംസ്ഥാനങ്ങൾക്കും നൽകുന്നത്. ഇതേവിലക്കുറവിൽ നേരിട്ടുവിതരണം തുടങ്ങുന്നതോടെ വിപണിയിൽ മികച്ചനേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണു കെ.എസ്.ഡി.പി.
അമോക്സിലിൻ, ആംപിസിലിൻ, ഡോക്സിസൈക്ളിൻ, പാരാസെറ്റമോൾ തുടങ്ങിയ മരുന്നുകളാണു കെ.എസ്.ഡി.പി.യിൽ കൂടുതൽ ഉത്പാദിപ്പിക്കുന്നത്. 15,000 കോടി രൂപയുടെ മരുന്നാണു കേരളം പ്രതിവർഷം ഉപയോഗിക്കുന്നത്. ഇതിൽ 220 കോടിയുടെ മരുന്നു മാത്രമാണു കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്.