Friday, April 11, 2025 10:00 am

നിയമസഭാ അക്രമം : ശിവന്‍കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനനന്തപുരം: നിയമ സഭയില്‍ മുന്‍ എം എല്‍ എ വി.ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ശിവന്‍കുട്ടിയൊഴികെയുള്ള പ്രതികള്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാനാവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. മന്ത്രിമാരായ ഇ. പി.ജയരാജനും കെ.റ്റി.ജലീലും അടക്കമുള്ള പ്രതികള്‍ തങ്ങള്‍ക്കെതിരായ കേസ് അടിസ്ഥാന രഹിതമാണെന്ന് കാണിച്ചാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് നവംബര്‍ 21 ന് ബോധിപ്പിക്കാന്‍ വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.ക്രിമിനല്‍ നടപടി ക്രമത്തിലെ 239 വകുപ്പ് പ്രകാരമുള്ള കുറ്റവിമുക്തരാക്കല്‍ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിക്കേണ്ടത്.

പ്രതികള്‍ വരുത്തിയ നാശ നഷ്ടത്തിന്റെ ആനുപാതിക തുകയായ 35,000 രൂപയുടെ ബോണ്ടില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെല്ലാവരും തുക കെട്ടി വച്ചതിനെ തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു. കേസ് വിചാരണ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മന്ത്രിമാര്‍ വിചാരണക്കോടതിയില്‍ ഹാജരാകാനും വിചാരണ നേരിടാനും ഭയപ്പെടുന്നതെന്തിനെന്നും ഹൈക്കോടതി ഒക്ടോബര്‍ 27 ന് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പ്രതികള്‍ ഒക്ടോബര്‍28 ന് ഹാജരാകാന്‍ സിജെഎം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തും കീഴ്‌ക്കോടതിയില്‍ ഹാജരാകാന്‍ ഉള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സ്റ്റേ ആവശ്യം തള്ളുകയും ചെയ്തു. തുടര്‍ന്നാണ് പ്രതികള്‍ വിടുതല്‍ ഹര്‍ജിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ശിവന്‍കുട്ടിയടക്കം 4 പ്രതികള്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം എടുത്തു. വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് പ്രതികള്‍ കീഴടങ്ങി ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഒന്നാം പ്രതി കെ.അജിത് , രണ്ടാം പ്രതി കുഞ്ഞമ്ബു മാസ്റ്റര്‍ , നാലാം പ്രതി സി.കെ.സദാശിവന്‍ , അഞ്ചാം പ്രതി വി.ശിവന്‍കുട്ടി എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്. നാലു പ്രതികള്‍ക്കും 35,000 രൂപ വീതമുള്ള പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള 2 ആള്‍ ജാമ്യ ബോണ്ടിന്മേലുമാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി മന്ത്രി ഇ.പി.ജയരാജനും ആറാം പ്രതി മന്ത്രി കെ.റ്റി. ജലീലും ഹാജരാകാന്‍ സമയം തേടി അപേക്ഷ സമര്‍പ്പിച്ചു. ആറു പ്രതികളും കുറ്റം ചുമത്തലിന് ഹാജരാകാന്‍ സിജെഎം ജയകൃഷ്ണന്‍ ഉത്തരവിട്ടിരുന്നു.

മന്ത്രി ജയരാജനടക്കമുള്ള പ്രതികള്‍ ചെയ്തത് ഏഴേകാല്‍ വര്‍ഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റം. കൂടാതെ 2, 20, 093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റക്കും കൂട്ടായും കെട്ടി വക്കേണ്ട കുറ്റവും. കുറ്റ സ്ഥാപനത്തിന്‍ മേല്‍ 1984 ല്‍ നിലവില്‍ വന്ന പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പ് 3 (1) പ്രകാരം അഞ്ചു വര്‍ഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും കോടതിക്ക് വിധിക്കാവുന്നതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 427 ( ദ്രോഹം ചെയ്യുന്നത് വഴി നാശനഷ്ടം വരുത്തല്‍) പ്രകാരം 2 വര്‍ഷത്തെ കഠിന തടവിനും പരിധിയില്ലാത്ത പിഴ തുകക്കും ശിക്ഷാര്‍ഹരാണ്.കൂടാതെ വകുപ്പ് 447 ( വസ്തു കൈയേറ്റം) പ്രകാരം മൂന്നു മാസത്തെ തടവിനും അഞ്ഞൂറ് രൂപ പിഴക്കും ശിക്ഷാര്‍ഹരാണ്.

പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ വെളിവാക്കുന്ന ദൃശ്യങ്ങള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പാളയം ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഇലക്‌ട്രോണിക് കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിച്ചിരുന്ന സെര്‍വ്വറില്‍ നിന്നും ഡാറ്റാകള്‍ കോപ്പി ചെയ്ത ഡി വി ഡികള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി വൈഎസ് പി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ആലങ്കാരികമല്ലാതെ പറഞ്ഞാല്‍ നഷ്ടം സംഭവിച്ചത് സര്‍ക്കാരിനല്ല മറിച്ച്‌ പൊതു ഖജനാവിനാണ്. അത് നികുതി ദായകരുടെ പണവുമാണ്. സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.

2015 മാര്‍ച്ച്‌ 13 ന് രാവിലെ 8.55 മണിക്ക് ബഡ്ജറ്ററി അസംബ്ലി സെഷനിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലും ഇരിപ്പിടത്തിലും അതിക്രമിച്ച്‌ കടന്ന് പൊതുമുതലായ എമര്‍ജന്‍സി ലാമ്ബും കംപ്യൂട്ടര്‍ മോണിറ്ററും ഔദ്യോഗിക ചെയറും സ്റ്റാന്റ് ബൈ മൈക്കും ഇലക്‌ട്രോണിക് പാനലും തച്ചുടച്ചതായി രേഖകളില്‍ നിന്നും പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ട്. സഭക്കകത്ത് സംസാരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ഉള്ള പ്രിവിലേജ് (പ്രത്യേക അവകാശം) മാത്രമേ സഭാംഗങ്ങള്‍ക്കുള്ളു. എന്നാല്‍ സഭക്കുള്ളില്‍ ചെയ്യുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് പ്രിവിലേജ് ഇല്ല. സഭക്കുള്ളില്‍ അക്രമ സംഭവം നടന്നത് സെഷനിലാണ്. ആയത് ഗൗരവമേറിയ കുറ്റമാണ്. നിയമസഭാംഗങ്ങള്‍ക്ക് അവരവര്‍ പ്രതിനിധീകരിക്കുന്ന നിയോജക മണ്ഡലങ്ങളില്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ കാര്യക്ഷമമായും സ്വതന്ത്രമായും നിര്‍വ്വഹിക്കുന്നതിനാണ് പ്രിവിലേജ് നല്‍കിയിരിക്കുന്നത്. സാമാജികര്‍ പ്രത്യേക കടമകള്‍ നിര്‍വഹിക്കേണ്ടതായുണ്ട്. നിയമനിര്‍മ്മാണ പ്രക്രിയ നടത്തുന്ന നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങളായതിനാല്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ആയതില്‍ അവര്‍ക്ക് ഉയര്‍ന്ന കടമയുണ്ട്. ഉത്തരവില്‍ സി ജെ എം ചൂണ്ടിക്കാട്ടി. യാതൊരു ഉത്തമ വിശ്വാസവുമില്ലാതെയും ബാഹ്യ സ്വാധീനത്തിന് വഴങ്ങിയുമാണ് സര്‍ക്കാര്‍ അഭിഭാഷക പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നും ഉത്തരവിന്റെ അവസാന പാരഗ്രാഫില്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പ് വച്ചത്.

പ്രതികള്‍ വിചാരണ നേരിടാന്‍ കോടതി 22 ന് ഉത്തരവിട്ടിരുന്നു. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതില്‍ സമര്‍പ്പിച്ച അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളിക്കൊണ്ടാണ് പ്രതികള്‍ വിചാരണ നേരിടാന്‍ സി ജെ എം ആര്‍. ജയകൃഷ്ണന്‍ ഉത്തരവിട്ടത്. വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നതിന് എല്ലാ പ്രതികളും ഒക്ടോബര്‍ 15 ന് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു.

പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിനും പൊതു നീതിക്കും എതിരാണെന്ന് വിലയിരുത്തിയാണ് ഹര്‍ജി കോടതി തള്ളിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ സ്വതന്ത്രമായി മനസ്സര്‍പ്പിക്കാതെയും ഉത്തമ വിശ്വാസത്തോടു കൂടിയുമല്ല പിന്‍വലിക്കല്‍ ഹര്‍ജിയുമായി കോടതിയിലെത്തിയത്. കേസ് പിന്‍വലിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം ഉണ്ടാക്കിയിരിക്കുന്നത് തന്നെ രാഷ്ട്രീയക്കാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയണമെന്ന ലക്ഷ്യത്തോടെയാണ്. കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യവും പൊതു നീതിയും സമാധാനവും എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് വിശദമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. യാതൊരു ഉത്തമ വിശ്വാസമില്ലാതെയും ബാഹ്യ സ്വാധീനത്തിലുമാണ് സര്‍ക്കാര്‍ അഭിഭാഷക ഹര്‍ജി സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ സത്യസന്ധമായും നേരാം വണ്ണവും പൊതു നീതി വഹിച്ചുകൊണ്ടും വേണം ഔദ്യോഗിക കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ടത്. രാഷ്ട്രീയ എക്‌സിക്യൂട്ടീവിന്റെ തൊഴിലാളിയായി സ്വയം കണക്കാക്കുകയോ ആരുടെയെങ്കിലും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചാലും പൊതു നീതിയുള്‍പ്പെടെയുള്ള നിയമ തത്വങ്ങള്‍ക്കനുസരിച്ചേ പ്രോസിക്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളരുത്. എക്‌സിക്യൂട്ടീവിന്റെ ആജ്ഞക്കള്‍ക്ക് മുമ്ബില്‍ കുനിയരുത്.

സര്‍ക്കാര്‍ അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. സ്വതന്ത്രമായ മനസര്‍പ്പിക്കാതെയുള്ളതാണ് ഹര്‍ജി. കേസ് പിന്‍വലിക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ കുറ്റകൃത്യം ചെയ്യാമെന്ന തോന്നല്‍ വികസിപ്പിച്ചെടുക്കാന്‍ പാടില്ല. ഇത്തരം കേസുകള്‍ പിന്‍വലിച്ചാല്‍ നിയമത്തിലും നീതിന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസം സാധാരണക്കാരന് നഷ്ടപ്പെടും. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ കളിക്കാനുള്ള ഉപകരണമോ ക്രിമിനല്‍ കോടതി രാഷ്ട്രീയം കളിക്കാനുള്ള കളിസ്ഥലമോ അല്ല. രാഷ്ട്രീയ ഉപകാരം പ്രോസിക്യൂഷനെ പെര്‍സിക്യൂഷനാക്കി മാറ്റാന്‍ പാടില്ലാത്തതും ആയത് കുറ്റക്കാരെ പ്രോസിക്യൂഷനില്‍ നിന്നും പിന്‍വലിച്ചെടുക്കാനോ ഉള്ളതല്ല. രാഷ്ട്രീയ ഭാഗ്യങ്ങള്‍ നിയമ വ്യവസ്ഥയില്‍ പ്രതിഫലിച്ചാല്‍ നിയമത്തിന്റെയും ചട്ടങ്ങളുടെയും പ്രസക്തി താമസംവിനാ നഷ്ടപ്പെടും. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പതിനഞ്ചോളം വിധിന്യായങ്ങള്‍ ഉത്തരവില്‍ ഉദ്ധരിച്ചാണ് സി ജെ എം ആര്‍. ജയകൃഷ്ണന്‍ സര്‍ക്കാര്‍ ആവശ്യം നിരസിച്ചത്.

സര്‍ക്കാരിന്റെ ഹര്‍ജി അടിയന്തിരമായി കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച്‌ പല തവണ കേസ് മാറ്റി വച്ചചതായിരുന്നു. എന്നാല്‍ കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന ഡി ഡി പി ബീനയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹര്‍ജി അടിയന്തിരമായി പരിഗണിച്ചത്. 2015 മാര്‍ച്ച്‌ 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2011-16 ലെ ഇടത് എംഎല്‍എ മാരായ കെ.അജിത് , കുഞ്ഞമ്ബു മാസ്റ്റര്‍ , നിലവില്‍ കായിക മന്ത്രിയായ ഇ.പി.ജയരാജന്‍ , സി.കെ.സദാശിവന്‍ , വി.ശിവന്‍കുട്ടി , നിലവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീല്‍ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതല്‍ അറു വരെയുള്ള പ്രതികള്‍. അമൂല്യമായ ജര്‍മന്‍ നിര്‍മ്മിത മൈക്ക് സൗണ്ട് സിസ്റ്റം ഉള്‍പ്പെടെ നശിപ്പിച്ചതില്‍ വച്ച്‌ 2.5 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിപ്പിച്ചു. സ്പീക്കറുടെ ചേമ്ബറില്‍ ഡയസുള്‍പ്പെടെ മറിച്ചിട്ടു.

മുന്‍ ധന വകുപ്പ് മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതല്‍ നശീകരണം നടന്നത്. കേസ് സാമാജികര്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യാനായി സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച എറണാകുളം സ്‌പെഷ്യല്‍ കോടതിയിലേക്ക് 2018 ഏപ്രില്‍ 21ന് കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി തിരുവനന്തപുരം സി ജെ എം കോടതി അയച്ചിരുന്നു. എന്നാല്‍ ഓരോ ജില്ലയിലും പ്രത്യേക കോടതി രൂപീകരിക്കാന്‍ തുടര്‍ന്ന് തീരുമാനമുണ്ടായതിനെ തുടര്‍ന്നാണ് കേസ് റെക്കോര്‍ഡുകള്‍ തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് തിരിച്ചയച്ചത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമാണ് സര്‍ക്കാര്‍ പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണ കൂടാതെ പ്രതികളെ കുറ്റ വിമുക്തരാക്കി വിട്ടയക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂർ ടി ബി ജംഗ്‌ഷനിലെ തകർന്ന പാലം ശരിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു

0
അടൂർ : അടൂർ ടി ബി ജംഗ്‌ഷന്‌ സമീപം വാഹനാപകടത്തിൽ...

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില

0
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 185 രൂപയുടെ...

വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു

0
തിരുവനന്തപുരം : തിരുവനന്തപുരം വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു....

നഗരസഭ അംഗത്തിനെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്തളം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

0
പന്തളം : നഗരസഭാ ഭരണസമിതിയുടെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ നഗരസഭ...