കൊല്‍ക്കത്ത : പശുക്കടത്ത് ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശ്ചിമ ബംഗാളിലെ സിലിഗുരി ബാഗ്ഡോഗ്രയില്‍ രണ്ട് മുസ്‌ലിം യുവാക്കളെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുമുണ്ട്. ഡര്‍ജിലിങ് ജില്ലയിലെ ബാഗ്ഡോഗ്ര മതിഗാര മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം. ബംഗാള്‍ സ്വദേശി ഷാഹിദ് അക്തര്‍, ഹരിയാന സ്വദേശി സജ്ജാദ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
മതിഗാരയിലെ താരബാരി ഗ്രാമത്തില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ കാറിലും പിക്കപ്പ് വാനിലുമായി അഞ്ചുപേര്‍ എത്തിയതോടെയാണ് അക്രമ സംഭവങ്ങളുടെ തുടക്കം. പശുക്കളെ മോഷ്ടിക്കാന്‍ എത്തിയവരാണ് എന്ന് ആരോപിച്ച് നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്നു. ധിമാല്‍ മേഖലയില്‍ വെച്ച് ഇവരെ പിടികൂടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇവരുടെ വാഹനങ്ങള്‍ക്ക് തീയിട്ടു.
ഗുരുതരമായി പരിക്കേറ്റ ഷാഹിദ് അക്തറും സജ്ജാദ് മുഹമ്മദും മരിക്കുകയായിരുന്നു. ഹരിയാന സ്വദേശികളായ അമീര്‍ സത്താര്‍, അക്രം ഖാന്‍, ആരിഫ് ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





























