തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിൽ പോലീസ് അതിക്രമം എന്ന് പരാതി. പേട്ട കല്ലിൻമൂട് വീട്ടിൽ പോലീസ് അതിക്രമിച്ചു കയറിയെന്നാണ് ആരോപണം. അമ്മ മാത്രമുള്ളപ്പോഴാണ് പോലീസ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം നന്ദനെ കന്റോൺമെന്റ് എസ്ഐ ഗോകുൽ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു.ഇതിൽ എസ്എഫ്ഐ പ്രതിഷേധിച്ചതിനുപിന്നാലെയാണ് പോലീസ് വീട്ടിൽകയറിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസും ഡിസിപിയുടെ സ്പെഷ്യൽ സ്ക്വാഡിലെ പോലീസുമാണ് നന്ദന്റെ വീട്ടിലെത്തിയത്. കൻ്റോൺമെൻ്റ് സിഐ വ്യക്തി വൈരാഗ്യം തീർക്കുന്നുവെന്ന് നന്ദൻ പറഞ്ഞു.
കൻ്റോൺമെൻ്റ് സി ഐ പ്രകോപന പോസ്റ്റ് ഇടുന്നു. കേരള പോലീസിനെ ആകെ കുറ്റപ്പെടുത്തുന്നില്ല. മറ്റൊരു സ്റ്റേഷനിലും ഇല്ലാത്ത സമീപനമാണ് കൻ്റോൺമെൻ്റ് സ്റ്റേഷനിൽ. ഔദ്യോഗിക ഫോണിൽ നിന്ന് എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടു ഇതുവരെ നടപടിയില്ലെന്നും നന്ദൻ ആരോപിച്ചു. എന്തിനാണ് പോലീസ് ഇങ്ങനെ വേട്ടയാടുന്നത്. ഇങ്ങനെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടാണോ പോലീസ് ഉദ്യോഗസ്ഥൻ പെരുമാറേണ്ടത്. കൻ്റോൺമെൻ്റ് സ്റ്റേഷൻ ഭരിക്കുന്നത് കോൺഗ്രസ് സംഘടന. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ ലിസ്റ്റ് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ വലിയ ചർച്ച ഇതാണ്.മറ്റൊരു വിഷയവും ഇപ്പൊൾ ചർച്ചയിൽ ഇല്ല. സമരം ഇവിടംകൊണ്ട് അവസാനിപ്പിക്കില്ല. യൂണിഫോം ശരീരത്ത് കയറിയാൽ എന്തും ചെയ്യാം എന്ന നിലപാട് ശരിയല്ലെന്നും നന്ദൻ കുറ്റപ്പെടുത്തി.




























