മുംബയ് : മാവോയിസ്റ്റ് പ്രവർത്തനം ആരോപിച്ചുള്ള കേസിൽ ഡൽഹി സർവകലാശാല മുൻ അദ്ധ്യാപകൻ ജി എൻ സായിബാബ ഉൾപ്പെടെ ആറുപേരെ ബോംബെ ഹെെക്കോടതി കുറ്റവിമുക്തരാക്കി. നാഗ്‌പുർ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2017ൽ വിചാരണക്കോടതി സായിബാബ ഉൾപ്പെടെ അഞ്ചുപേർക്ക് ജീവപര്യന്തവും ഒരാൾക്ക് 10 വർഷം തടവും വിധിച്ചിരുന്നു. ഈ വിധിയാണ് റദ്ദാക്കിയത്. യുഎപിഎ നിയമത്തിലെ വ്യവസ്ഥ പാലിച്ചല്ല വിചാരണക്കോടതിയുടെ നടപടികളെന്ന് വിലയിരുത്തി 2022 ഒക്ടോബറിലും ഹെെക്കോടതി നാഗ്‌പുർ ബെഞ്ച് പ്രതികളെ വിട്ടയച്ചിരുന്നു.
പക്ഷെ ഇതിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വിചാരണക്കോടതി സായിബാബയെ ശിക്ഷിച്ചത് തെളിവുകൾ വിശദമായി പരിശോധിച്ചാണെന്ന് വിലയിരുത്തി അന്ന് സുപ്രീംകോടതി ഹെെക്കോടതി വിധി റദ്ദാക്കി. ശേഷം വീണ്ടും കേസ് പരിഗണിക്കാൻ ഹെെക്കോടതിയോട് ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് വീണ്ടും പരിഗണിച്ചത്. മനുഷ്യാവകാശ പ്രവർത്തകൻകൂടിയായ ജി എൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ലാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.