കൊച്ചി: വിവാദ ശബ്‌ദരേഖയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്. ഇക്കാര്യത്തില്‍ അനുമതിക്കായി കോടതിയെ സമീപിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് നീക്കം നടത്തുന്നത്. അന്വേഷണ സംഘങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ശബ്‌ദരേഖയിലൂടെ സ്വപ്‌ന ഉന്നയിച്ചത്.
ജയിലിലുളള സ്വപ്‌നയുടെ ശബ്‌ദരേഖയില്‍ വിവാദം മുറുകുമ്പോഴാണ് ജയില്‍വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പരാതിയില്‍ അന്വേഷണം നടത്താനാകില്ലെന്ന നിലപാടില്‍ എത്തിയത്. ശബ്‌ദം തന്റേതെന്ന് സ്വപ്‌ന തിരിച്ചറിഞ്ഞതും ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ജയില്‍വകുപ്പ് കണ്ടെത്തിയതുമാണ് ജയില്‍ വകുപ്പ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ കാരണം. ഇതോടെയാണ് കോടതിയിലേക്ക് പോകാമെന്ന തീരുമാനത്തിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് എത്തിച്ചേരുന്നത്.
ജയിലില്‍ നിന്നല്ല ശബ്ദരേഖ ചോര്‍ന്നതെന്ന നിഗമനത്തില്‍ ഇതിനോടകം എത്തിയ ജയില്‍ വകുപ്പ് കൂടുതല്‍ അന്വേഷണത്തിലേക്ക് പോകില്ല. പ്രാഥമിക അന്വേഷണം നടത്തിയ ജയില്‍ ഡി ഐ ജി റിപ്പോര്‍ട്ട് തയ്യാറാക്കാതെ വിവരങ്ങള്‍ മാത്രമാണ് ഡി ജി പിയെ ധരിപ്പിച്ചത്. സ്വപ്‌ന ജുഡീഷ്യല്‍ കസ്റ്റഡിയിലുളളത് കൊണ്ടാണ് രേഖാമൂലം റിപ്പോര്‍ട്ട് തയ്യാറാക്കാത്തത്.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് കത്തില്‍ ജയില്‍ വകുപ്പിന് കൃത്യമായി മറുപടി നല്‍കേണ്ടി വരും. ചുരുങ്ങിയ സമയത്തിനുളളില്‍ സ്വപ്‌നയെ ചോദ്യം ചെയ്‌ത് ചോര്‍ച്ച ജയിലില്‍ നിന്നല്ലെന്ന നിലപാടിലേക്ക് ജയില്‍ വകുപ്പ് എത്തിയതിനെ എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നുണ്ട്.
കേന്ദ്ര ഏജന്‍സിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വ്യക്തതവരുത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് നീക്കം. ചോര്‍ച്ചയല്ല, സ്വപ്‌ന പറഞ്ഞ കാര്യങ്ങളാണ് പ്രധാനം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.