ഹൈദരാബാദ്: തെലുങ്ക് നടന്‍ അല്ലു രമേശ്(52) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംവിധായകന്‍ ആനന്ദ് രവിയാണ് നടന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. തെലുങ്ക് സിനിമയില്‍ കോമഡി വേഷങ്ങളില്‍ ശ്രദ്ധേയനായ നടനാണ് അല്ലു രമേശ്. 2001 ല്‍ പുറത്തിറങ്ങിയ ചിരുജല്ലു എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തുന്നത്. 2022 ല്‍ പുറത്തിറങ്ങിയ അനുകോനി പ്രണയം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യയും രണ്ട് ആണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം.
തരുണിന്റെ ചിരുജല്ലുവിലൂടെ തന്റെ കരിയര്‍ ആരംഭിച്ച അല്ലു രമേശ്, വീഥി, ബ്ലേഡ് ബാബ്ജി, കേറിന്ത, നെപ്പോളിയന്‍ എന്നിവയുള്‍പ്പെടെ 50 ചിത്രങ്ങളില്‍ അഭിനയിച്ചു. നെപ്പോളിയന്‍, തോലുബൊമ്മലത തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് നടന്‍ അംഗീകാരം നേടിയത്. സിനിമാ രംഗത്തേക്ക് കടക്കും മുമ്പ് തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നു താരം. താരത്തിന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ നിരവധി സിനിമാ താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.