കൊച്ചി: സുപ്രീംകോടതിയുടെ ബഫര്‍സോണ്‍ ഉത്തരവുമായി ബന്ധപ്പെട്ട് ഇടത്-വലത് വ്യത്യാസമില്ലാതെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിറോ മലബാര്‍ സഭ അല്മായ ഫോറം. മലയോര മേഖലയെ ഒന്നാകെ തകര്‍ക്കുന്നതാണ് ബഫര്‍സോണ്‍ നടപടികള്‍. ഒരുമിച്ചുനിന്ന് ഇതിന് പരിഹാരം കണ്ടെത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരണമെന്നും അല്മായ ഫോറം ആവശ്യപ്പെട്ടു.
സംസ്ഥാനം ഭരിച്ച ഇരുമുന്നണിയുടെയും നിഷേധാത്മക സമീപനമാണ് മലയോര ജനതയെ ഈ സ്ഥിതിയിലാക്കിയത്. കേരളത്തില്‍ പരിസ്ഥിതിലോല മേഖല നിര്‍ദേശിച്ചത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വാജ്പേയ് സര്‍ക്കാറാണ്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതികളിലൂടെ പശ്ചിമഘട്ട ജനവിഭാഗത്തെ ഒന്നാകെ വിദേശ ശക്തികള്‍ക്ക് തീറെഴുതിക്കൊടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറുമാണ്.
ബഫര്‍സോണ്‍ വിഷയത്തില്‍ എം.പിമാര്‍ ഇടപെടണം. സംരക്ഷിത വനാതിര്‍ത്തിയിലെ ബഫര്‍സോണ്‍ ഉത്തരവ് തിരുത്താനും മലയോര ജനതയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സര്‍ക്കാറുകള്‍ നടപടിയെടുക്കണം. വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും കൃത്യവിലോപം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപംനല്‍കുമെന്നും ഫോറം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.