തൃശൂർ : കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽ പാതയായ എറണാകുളം – ഷൊർണ്ണൂർ മേഖലയിൽ ഓട്ടോമാറ്റിക് സിഗ്നലിങ്ങിന് ഒപ്പം ‘കവച്’ എന്ന സുരക്ഷാസംവിധാനവും ഏർപ്പെടുത്താനൊരുങ്ങി റെയിൽവേ. ഇതോടെ ഓട്ടോമാറ്റിക് സിഗ്നലിങ്ങിന് പുറമെ കവചും കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന മേഖലയായി മാറുകയാണ് 106 കി മീ ദൂരമുള്ള എറണാകുളം – ഷൊർണ്ണൂർ. 67.99 കോടി രൂപ മതിപ്പ് ചെലവിൽ പദ്ധതി നടപ്പാക്കാൻ ദക്ഷിണ റെയിൽവേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്നൽ & ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ ദർഘാസുകൾ ക്ഷണിച്ചു. ഒക്ടോബർ 24 ആണ് അവസാന തിയതി. 540 ദിവസമാണ് പദ്ധതി പൂർത്തീകരണത്തിനുള്ള കാലാവധിയായി കണക്കാക്കിയിരിക്കുന്നത്.
രണ്ട് തീവണ്ടികൾ ഒരേ പാതയിൽ നേർക്കുനേർ വന്ന് കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് കവച് എന്നത്. ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ലഖ്നോവിൽ പ്രവർത്തിയ്ക്കുന്ന ആർ.ഡി.എസ്.ഒ എന്ന ഗവേഷണ സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷ സംവിധാനമാണ് ഇത്. ലോകത്തിൽ ഇത്തരത്തിലുള്ള സംവിധാനങ്ങളിൽ മുൻനിരയിലുള്ള ഒന്നായാണ് കവച് ഗണിക്കപ്പെടുന്നത്. രാജ്യത്തെ 68,000 കി മീ റെയിൽ ശൃംഖലയിൽ 1,465 കി മീ ദൂരത്തിലാണ് നിലവിൽ ഈ സംവിധാനമുള്ളത്. 3,000 കി.മീ റെയിൽപാതയിൽ സ്ഥാപിക്കുവാനുള്ള പദ്ധതി നടന്നു വരുന്നു. അതിന് പുറമെ 7,228 കി.മീ പാതയിൽ കൂടി സ്ഥാപിക്കാനുള്ള അനുമതി ഈ വർഷം നൽകിയിട്ടുണ്ട്. അതിലാണ് എറണാകുളം-ഷൊർണ്ണൂർ മേഖലയും ഉൾപ്പെട്ടിട്ടുള്ളത്.