കൊച്ചി: ആലുവ നഗര മധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. സ്വകാര്യ ബസ് സ്റ്റാന്റിന് സമീപമുള്ള ലിമാ ജ്വല്ലറിയിലാണ് മോഷണം നടന്നത്. മുന്‍ നഗരസഭാ ചെയര്‍മാന്‍ ഫ്രാന്‍സിസ് തോമസിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് മോഷണം. സംഭവത്തില്‍ തോമസിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
ആലുവ പ്രെെവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള ജ്വല്ലറിയില്‍ ഉച്ചയ്ക്ക് 12.55 ഓടെ കാറില്‍ വന്നിറങ്ങിയ ഒരാള്‍ ഒരു പവന്റെ സ്വര്‍ണ മാലയും താലിയും ആവശ്യപ്പെട്ടു. ജ്വല്ലറിയില്‍ വനിതയുള്‍പ്പടെ രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്. മാലയും താലിയും നോക്കാനെന്ന വ്യാജേന കയ്യിലെടുത്ത ശേഷം ഇയാള്‍ ജ്വല്ലറിയുടെ വാതില്‍ തുറന്ന് ഇറങ്ങിയോടി. കാര്‍ മറ്റൊരു സ്ഥലത്ത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇവരെ പിടികൂടാനായി പിറകെ ഓടിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ജ്വല്ലറിയിലേയും നഗരത്തിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.