ആലുവ : ആലങ്ങാട്ട് മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. മരിച്ച വിമല്‍കുമാറിന്റെ അയല്‍വാസി നിഥിനും സുഹൃത്തിനുമായി തിരച്ചില്‍ ഊര്‍ജിതമാക്കി. ലഹരി ഇടപാടുകള്‍ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നും പ്രതികളാരെന്നും ദൃക്സാക്ഷി മിഥുല്‍ വെളിപ്പെടുത്തി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചു. കൊലക്കുറ്റം, അന്യായമായി തടഞ്ഞുവെക്കല്‍, ദേഹോദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ആലുവ വെസ്റ്റ് പോലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികള്‍ ഒളിവിലാണ്. മരിച്ച വിമല്‍കുമാറിന്റെ അയല്‍വാസികള്‍ തന്നെയാണ് പ്രതികളെന്ന് കരുമാലൂര്‍ സ്വദേശി മിഥുല്‍ പറഞ്ഞു. ഇയാള്‍ സംഭവത്തിന് ദൃക്‌സാക്ഷിയാണ്.
വിമല്‍കുമാറിന്റെ വീട്ടിലെത്തിയ മിഥുലിനെയാണ് ബൈക്കിലെത്തിയ യുവാക്കള്‍ ആദ്യം മര്‍ദിച്ചത്. ഇത് തടഞ്ഞ വിമല്‍കുമാറിന്റെ മകനെയും ആക്രമിച്ചു. പ്രശ്നത്തില്‍ ഇടപെട്ട വിമല്‍ കുമാറിനെ പ്രതികള്‍ നെഞ്ചില്‍ തള്ളി താഴെയിട്ടുവെന്നും മിഥുല്‍ പോലീസിന് മൊഴിനല്‍കി. അക്രമികള്‍ പ്രദേശത്ത് ലഹരിയിടപാട് നടത്തുന്നവരാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ക്കെതിരെ പലതവണ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.