വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ വിമാനത്തിന്റെ ഫ്‌ളൈറ്റ് റെക്കോര്‍ഡറുകള്‍ കണ്ടെടുത്തതായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്(NTSB) അറിയിച്ചു. കണ്ടെടുത്ത ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും കൂടുതല്‍ പരിശോധനയ്ക്കായി NTSB ആസ്ഥാനത്തേക്ക് മാറ്റി. അന്വേഷണ സംഘം ഫ്‌ളൈറ്റ് ഹിസ്റ്ററി, ക്രൂവിന്റെ അനുഭവസമ്പത്ത്, റഡാര്‍ വിവരങ്ങള്‍, എയര്‍ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം എന്നിവയടക്കം പരിശോധിക്കുമെന്നും NTSB വ്യക്തമാക്കി.
ഇതിനൊപ്പം റണ്‍വേകളില്‍ വിമാനങ്ങള്‍ നിയന്ത്രണം നഷ്ടമായി സഞ്ചരിക്കുന്നത് തടയാനായി രൂപകല്‍പന ചെയ്തിരിക്കുന്ന എഞ്ചിനീയേര്‍ഡ് മെറ്റീരിയല്‍സ് അറസ്റ്റിങ് സിസ്റ്റം ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു 21 എയര്‍ കമ്പനി ഓപ്പറേറ്റ് ചെയ്യുന്ന ബോയിങ് 767 – 300 വിമാനം നിയന്ത്രണം നഷ്ടമായി റണ്‍വേ മറികടന്ന് വിമാനത്താവളത്തിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിച്ചു നിന്നത്. അഞ്ച് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇത് പരിശോധിച്ച് വരികയാണെന്ന് NTSB ചെയര്‍വുമണ്‍ ജെന്നിഫര്‍ ഹോമെന്‍ഡേ അറിയിച്ചു. പ്യൂട്ടോറിക്കോയിലെ സാന്‍ ജുവാനില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പടെയാണ് ഉണ്ടായിരുന്നതെന്നും ഞായറാഴ്ച വിമാനം നടത്തിയ മൂന്നാമത്തെ സര്‍വീസാണ് തകര്‍ന്നതെന്നും ഹോമെന്‍ഡേ മിയാമി വിമാനത്താവളത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.































