കൊച്ചി: ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ഒടിടി റിലീസിലൂടെ ലോക ശ്രദ്ധ നേടിയിരുന്നു. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. കൊവിഡിന്റെ ആദ്യ വരവില്‍ തിയറ്ററുകള്‍ മാസങ്ങളോളം അടഞ്ഞു കിടന്നതിനാലാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന് റെക്കോട് തുകയാണ് ആമസോണ്‍ നല്‍കിയതെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യമെ വന്നിരുന്നു. പക്ഷെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തുകയുടെ കൃത്യമായ കണക്ക് പുറത്ത് വിട്ടിരുന്നില്ല.
ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെക്കുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. 30 കോടിക്കാണ് ആമസോണ്‍ പ്രൈം ദൃശ്യം 2 വാങ്ങിയതെന്നാണ് ഒടിടി ഗ്ലോബല്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതിനാല്‍ ആമസോണ്‍ പ്രൈം സന്തോഷത്തിലാണെന്നാണ് ഒടിടി ഗ്ലോബല്‍ ട്വീറ്റ് ചെയ്യുന്നത്.
ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനെയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.