ന്യൂഡല്‍ഹി : ഗണപതിയുടെയും ദേശീയ പതാകയുടെയും ചിത്രം പതിച്ച ചവിട്ടുമെത്തകള്‍ വിറ്റ സംഭവത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ആമസോണിനെതിരെ പ്രതിഷേധം.
ആമസോണ്‍ ഉല്‍പ്പന്നങ്ങളിലൂടെ ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നു, മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നിവ ആരോപിച്ച് ആമസോണ്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. നിലത്ത് വിരിക്കുന്നതും ശുചിമുറികളില്‍ വിരിക്കുന്നതുമായ ചവിട്ടികളിലാണ് ഗണപതിയുടെ ചിത്രമുള്ളത്. ഇന്ത്യയുടെ ദേശീയപതാകയുടെ ചിത്രമുള്ളവയും ആമസോണിലുണ്ട്.
മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ത്തി ‘ബോയ്‌കോട്ട് ആമസോണ്‍’ എന്ന ഹാഷ്ടാഗ് വ്യാപകമായി പ്രചരിക്കുകയാണ്. വ്യാപകമായ പ്രതിഷേധത്തിന്‍റെ സാഹചര്യത്തില്‍ ഉല്‍പ്പനങ്ങള്‍ ആമസോണ്‍ നീക്കം ചെയ്തിട്ടുണ്ട്. മൂന്നാം തവണയാണ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം ആമസോണിനെതിരെ ഉയരുന്നത്. 2017ല്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ ചിത്രമുള്ള ചവിട്ടികള്‍ വിറ്റ സംഭവവും വലിയ വിവാദമായിരുന്നു.