റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ അംബായാഗം 2026 ന് തുടക്കമായി. പത്തുദിവസം നീളുന്ന ആത്മീയ – സാംസ്കാരിക സംഗമത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തും സമീപത്തെ വിശാലമായ മൈതാനത്തും വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. വിഗ്രഹപ്രതിഷ്ഠ, ഭദ്രദീപ പ്രജ്വലനം, ധ്വജാരോഹണം, ആചാര്യവരണം തുടങ്ങിയ ചടങ്ങുകൾ ആചാര്യന്മാരായ ബ്രഹ്മശ്രീ നാഗേരി വിഷ്ണു ആനന്ദ്, ബ്രഹ്മശ്രീ ഹരി ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. സപ്തശതി പാരായണത്തോടനുബന്ധിച്ച് ചണ്ഡികാഹോമവും നടന്നു. ഡോ.കെ. രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തിലായിരുന്നു ഹോമം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന തന്ത്രിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വൈകിട്ട് അഞ്ചിന് സത്രാരംഭ സമ്മേളനം നടന്നു. ഡോ.രാമചന്ദ്ര അഡീക ഭദ്രദീപം തെളിച്ചു.ദേവസ്വം പ്രസിഡന്‍റ് അഡ്വ.ഷൈൻ ജി.കുറുപ്പ് അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിന്‍റെ യു.എസ്.എ. ഘടകം മഠാധിപതി ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തി. എൻ.എസ്.എസ്. റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്‍റ് അഡ്വ.വി.ആർ.രാധാകൃഷ്ണൻ, റാന്നി എം.എൽ.എ,അഡ്വ. പഴകുളം മധു, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശശികല രാജശേഖരൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്‍, ദേവസ്വം സെക്രട്ടറി പി.ശ്രീകുമാർ,ദേവസ്വം ട്രഷറർ സി.എൻ.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.




























