പത്തനംതിട്ട : അടൂര്‍ മണ്ഡലത്തിലെ പട്ടിക ജാതി കോളനികളായ ഏഴംകുളം ചിത്തിര കോളനി, പന്തളം വല്യയ്യത്ത് കോളനി എന്നിവയുടെ നവീകരണത്തിന് ഓരോ കോടി രൂപാ വീതം അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. രണ്ട് പട്ടിക ജാതി കോളനികള്‍ക്ക് ഒരു കോടി രൂപ അടങ്കല്‍ വീതം ലഭ്യമാക്കി ഉത്തരവായതായി ഡെപ്യൂട്ടി സ്പീക്കര്‍അറിയിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ സമ്പൂര്‍ണ കോളനി നവീകരണ പദ്ധതിയായ അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിയമസഭാ സാമാജികനെന്ന നിലയില്‍ നിര്‍ദേശിച്ചിരുന്നതായ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ചിത്തിര കോളനി, പന്തളം നഗരസഭ വല്യയ്യത്ത് കോളനി എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം പദ്ധതി അംഗീകരിച്ച് ഓരോകോടി രൂപവീതം ഫണ്ട് ലഭ്യമാക്കിയത്.
ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞ കടമ്പനാട് പഞ്ചായത്തിലെ കലവറ, കോളൂര്‍കുഴി കോളനിയുടെ വികസന പ്രവര്‍ത്തികള്‍ എഴുപത് ശതമാനത്തോളം തീര്‍ന്നിട്ടുള്ളതായും സമീപഭാവിയില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ നിയമസഭാ സാമാജികനെന്ന നിലയില്‍ ഇതിനകം അനുവദിപ്പിച്ച സമ്പൂര്‍ണ കോളനി പദ്ധതികളായ ഏറത്ത് – മുരുകന്‍കുന്ന് കോളനി, ഏഴംകുളം – കുലശേരി കോളനി, തുമ്പമണ്‍ – മുട്ടം കോളനി, പള്ളിക്കല്‍ മേലൂട് കോളനി, പന്തളം തെക്കേക്കര – പടുകോട്ടുക്കല്‍ അംബേദ്കര്‍ കോളനി അടക്കമുള്ളവയുടെ വികസനം പൂര്‍ത്തീകരിച്ച് കഴിഞ്ഞിട്ടുള്ളതാണ്.
സമയബന്ധിത വികസനമാണ് പട്ടികജാതി കോളനികളില്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും പിന്നോക്കാവസ്ഥയില്‍ ഉള്ളതായ മണ്ഡലത്തിലെ ഇതര പഞ്ചായത്തുകളിലെ പരമാവധി കോളനികളിലും സമാനമായ വികസനം ഉറപ്പാക്കുന്നതാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഒപ്പം അടൂര്‍ മുനിസിപ്പാലിറ്റിയിലെ പട്ടികജാതി പ്രീ-മെട്രിക് ഹോസ്റ്റലിന്റെ ചുറ്റുമതിലടക്കമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി 44 ലക്ഷം രൂപ വകുപ്പുതല ഫണ്ടും ലഭ്യമാക്കാനായിട്ടുണ്ട്. നിലവില്‍ അംബേദ്കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ രണ്ട് കോളനികളുടെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.