കാഞ്ഞിരമറ്റം : തെരുവുനായ് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ചെ മട്ടാഞ്ചേരിയിലേക്ക് മൃതദേഹവുമായി പോകുന്ന വഴിയില്‍ കാഞ്ഞിരമറ്റം ഗാമ ജങ്ഷനിലായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ തൊടുപുഴ സ്വദേശി ജിനോ (28), മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കുമാണ് പരിക്കേറ്റത്.
നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം സമീപത്ത് ആളുകള്‍ ഇല്ലാതിരുന്നതു മൂലം രക്ഷാപ്രവര്‍ത്തനം നടത്താന്‍ വൈകി. കാഞ്ഞിരമറ്റം മേഖലയില്‍ തെരുവുനായ് ശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്കുനേരെ പാഞ്ഞടുക്കുന്നതു മൂലം അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.