തിരുവനന്തപുരം : ആംബുലന്‍സ് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ച കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി 2.30 കോടി രൂപ നഷ്ടപരിഹാരം നല്‍കണം വഞ്ചിയൂര്‍ വാഹനാപകട നഷ്ടപരിഹാര കോടതിയുടേതാണ് വിധി. 2016 ജൂലൈ 26ന് വൈകിട്ട് 6ന് ആയിരുന്നു കേസിനാസ്പദമായ അപകടം സംഭവിച്ചത്. മാനന്തവാടിയിലെ ആശുപത്രിയില്‍ നിന്നു കോട്ടയത്തെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സ് തീ പിടിച്ചു പൊട്ടിത്തെറിച്ചു ഏറ്റുമാനൂര്‍ കട്ടച്ചിറ വരവുകാലായില്‍ വി.ജെ.ജയിംസ് (78), മകള്‍ അമ്പിളി (46) എന്നിവരാണു മരിച്ചത്.
അമ്പിളി, രോഗിയായ പിതാവ് ഏറ്റുമാനൂര്‍ കട്ടച്ചിറ വരകുകാലയില്‍ പി.ജെ ജയിംസ്, സഹോദരന്‍, ഹോംനഴ്‌സ്, ഡ്രൈവര്‍ എന്നിവരുമായി മാനന്തവാടിയിലെ ആശുപത്രിയില്‍ നിന്നു കോട്ടയത്തേക്കു വരികയായിരുന്നു ആംബുലന്‍സ്. മൂവാറ്റുപുഴയില്‍ എത്തിയപ്പോള്‍ ഐസിയു ക്യാബിനിന്റെ ഇലക്‌ട്രിക് സപ്ലൈ നഷ്ടപ്പെട്ടു. എന്നാല്‍ ഇതു നന്നാക്കാന്‍ തയാറാകാതെ ഡ്രൈവര്‍ യാത്ര തുടരുകയും ആംബുലന്‍സില്‍ തീപടരുകയായിരുനു. ഡ്രൈവര്‍ ചാടിയിറങ്ങി ആംബുലന്‍സിലുണ്ടായിരുന്നവരെ പുറത്തിറക്കുന്നതിനിടെ വാഹനം മുന്നോട്ടു നീങ്ങുകയും വന്‍ സ്‌ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
ജയിംസ് മുന്‍ എയര്‍ഫോഴ്‌സ്, ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥനാണ്. മരിച്ച കേശവദാസപുരം മഞ്ഞാങ്കല്‍ സ്വദേശി അമ്പിളി ഷാജിയുടെ ആശ്രിതര്‍ക്കു നഷ്ടപരിഹാരം നല്‍കാനാണ് വിധി. പലിശയും കോടതിച്ചെലവും ഉള്‍പ്പെടെയാണു നഷ്ടപരിഹാരം. ജഡ്ജി എന്‍.ശേഷാദ്രി നാഥനാണ് നഷ്ടപരിഹാരം വിധിച്ചത്. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ.കൊല്ലങ്കോട് ഡി.എസ് ജയചന്ദ്രന്‍ ഹാജരായി. റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ടു വയനാട്ടിലെത്തിയ ജയിംസിനു ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്നു കോട്ടയത്തേക്ക് കൊണ്ടുവരുംവഴിയാണ് അപകടം.