കോട്ടയം : കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡില്‍ കുഴഞ്ഞുവീണ വയോധികനെ ആശുപത്രിയിലാക്കാന്‍ ആംബുലന്‍സ് സമയത്ത് എത്തിയില്ല. ഏറെ വൈകി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് എഴുപതു വയസ് തോന്നിക്കുന്ന ആള്‍ കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്‌റ്റാന്‍ഡില്‍ തിയേറ്റര്‍ റോഡിനോടു ചേര്‍ന്നു കുഴഞ്ഞു വീഴുകയായിരുന്നു. മതിലിനോടു ചേര്‍ന്നു നില്‍ക്കുന്നതിനിടെ മുഖമടിച്ചു വീഴുകയായിരുന്നു. യാത്രക്കാര്‍ പറഞ്ഞതനുസരിച്ചു കണ്‍ട്രോള്‍ റൂമില്‍നിന്നു പോലീസെത്തിയെങ്കിലും ആംബുലന്‍സ് വന്നില്ല. അഗ്നിരക്ഷാസേനയെ അറിയിച്ചെങ്കിലും അവര്‍ കോവിഡിന്റെ പേരു പറഞ്ഞ് എത്താന്‍ കഴിയില്ലെന്നു വ്യക്‌തമാക്കി. ഒരു മണിക്കൂറിനുശേഷം അഭയ ഗ്രൂപ്പിന്റെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.