തിരുവനന്തപുരം: അമ്പൂരി ഗ്രാമപഞ്ചായത്തില്‍ ഒരുകോടിയോളം രൂപയുടെ അഴിമതി. സിഡിഎസ് ചാര്‍ജ് ഓഫീസര്‍ വിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കി.കുടുംബശ്രീ സിഡിഎസ് ഓഫീസും അമ്പൂരി ഗ്രാമപഞ്ചായത്തും ഗുണഭോക്താക്കള്‍ക്ക് വിവിധ പദ്ധതികളില്‍ നല്‍കാന്‍ പാസാക്കിയ തുകകളാണ് വി.ഇ.ഒ വിനുവിന്‍റെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി പരാതി ഉയരുന്നത്. പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച ഒരു കോടിയോളം രൂപ ഖജനാവില്‍ നിന്ന് തട്ടിയെടുത്തതായാണ് ആരോപണം.
കുടുംബശ്രീക്ക് ലഭിക്കേണ്ട റീവോളിംഗ് ഫണ്ടിന് നിലവിലെ ചെയര്‍പേഴ്സണ്‍ ഒപ്പിട്ടു നല്‍കിയ ചെക്കിന്റെ തുക ലഭിക്കാന്‍ കാലതാമസം നേരിട്ടതോടെയാണ് സംശയമുയര്‍ന്നത്. കുടുംബശ്രീ അംഗങ്ങള്‍ പാസ്ബുക്കുകള്‍ ബാങ്കില്‍ പതിപ്പിച്ചു നോക്കിയപ്പോള്‍ തുകകള്‍ കൈമാറ്റം നടന്നതായി ശ്രദ്ധയില്‍പ്പെട്ടു. സിഡിഎസ് ഓഫീസില്‍ നിന്ന് ചെക്കുകള്‍ കീറിയെടുത്തും പാസായ തുകകള്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയുമാകാം തട്ടിപ്പ് നടത്തിയതെന്നാണ് അനുമാനം. തുടര്‍ന്ന് ജില്ലാ മിഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തിരിമറി ശ്രദ്ധയില്‍പ്പെട്ടത്.നെയ്യാര്‍ ഡാം സിഐക്ക് ഉള്‍പ്പെടെ പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കി. പഞ്ചായത്തിന്റെ ഭരണസംവിധാനങ്ങളെ പോലും താറുമാറാക്കിയ തട്ടിപ്പ് അന്വേഷിച്ച് യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്നാണ് നാട്ടുകാരുടെ ആവശ്യം.