പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ സഹകരണ ചട്ടത്തിൽ ഭേദഗതി വരുത്തി ഫീസുകൾ വൻതോതിൽ വർദ്ധിപ്പിക്കാൻ നടത്തുന്ന നീക്കങ്ങൾ നിർത്തി വെയ്ക്കണമെന്ന് മുൻ ഭരണ സമിതി അംഗവും പൊതു പ്രവർത്തകനും ആയ ഗീവർഗ്ഗീസ് തറയിൽ. പല സംഘങ്ങളിലും ജീവനക്കാർക്ക് ശമ്പളം കിട്ടുന്നില്ല. ഇങ്ങനെ നിലനിൽപ്പ് പ്രതിസന്ധിയിലായ സംഘങ്ങൾക്ക് ഈ ഫീസ് വർദ്ധനവ് താങ്ങാനാകുന്നതല്ല. ബാങ്കിനെ വിശ്വസിച്ചു നിക്ഷേപം നടത്തിയവർ ചികിത്സാ ചിലവിന് പോലും പണമില്ലാതെ ബാങ്കിൻ്റെ ചവിട്ട് പടികൾ കയറിയിറങ്ങുമ്പോൾ സഹകാരികളിലും പൊതുജനങ്ങളിലും വിശ്വാസം ഉണ്ടാക്കിയെടുക്കേണ്ട സര്‍ക്കാര്‍ ഇത്തരം സംഘങ്ങളെ കഴുത്ത് ഞെക്കി കൊല്ലുന്നതിന് തുല്യമാണ് ഈ നടപടികളെന്നും അദ്ദേഹം പ്രതികരിച്ചു.
ഓഡിറ്റ് ഫീസ് 5000 ൽ നിന്നും 200,000 രൂപയായും 10 കൊടിക്ക് മുകളിൽ മൂലധനം ഉള്ള സംഘങ്ങൾക്കു ഫീസ് 500,000 രൂപയായും വർദ്ധിപ്പിക്കും എന്നാണ് അറിയുന്നത്.
സഹകരണ ജീവനക്കാരുടെ പരാതിയിൽ 1000 നു പകരം 5000 മായും തിരഞ്ഞെടുപ്പ് പരാതികൾക്ക് 5000 ന് പകരം 10,000 ആയും സഹകരണ രജിസ്ട്രാർക്ക് പരാതി നൽകുന്നതിന് 2000 ൽ നിന്ന് 5000 രൂപയായും വർദ്ധിപ്പിക്കാൻ ആണ് നീക്കം. ആഡിറ്റ് ഫീസ്, ക്ലാസിഫിക്കേഷൻ പുതുക്കൽ തുടങ്ങി പുതിയ മാറ്റങ്ങൾ വേറെയും നിർദേശിക്കുന്നു. ഇങ്ങനെ ഫീസ് വർദ്ധിപ്പിച്ചു സഹകരണ സംഘങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നടപടികളിൽ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നും ഗീവർഗ്ഗീസ് തറയിൽ പറഞ്ഞു.