അമേരിക്ക : യുക്രെയിനിലെ റഷ്യയുടെ അധിനിവേശത്തെ പിന്തുണക്കുന്ന ഇറാനെതിരെ യു.എസ് ഉടൻ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാൻ റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ വിൽക്കാൻ ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് യു.എസിന്റെ നീക്കം.ഇറാന്റെ പിന്തുണയ്ക്ക് പകരമായി റഷ്യ പ്രതിരോധ സഹകരണം വാഗ്ദ്ധാനം ചെയ്യുന്നെന്നും ഇറാൻ റഷ്യയിൽ നിന്ന് ബില്യൺ കണക്കിന് ഡോളറിന്റെ സൈനിക ഉപകരണങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കി.
നിലവിൽ റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയിൻ സേന ആയുധങ്ങളുടെ ദൗർലഭ്യം നേരിടുന്നുണ്ട്. അതേ സമയം, ഉത്തര കൊറിയ, ഇറാൻ എന്നിവരുമായാണ് ആയുധക്ഷാമം മറികടക്കാൻ റഷ്യ കൈകോർത്തിരിക്കുന്നത്. റഷ്യയുടെ ആഭ്യന്തര ആയുധ ഉത്പാദനവും വൻതോതിൽ ഉയർത്തിയിട്ടുണ്ട്.