ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ. തങ്ങളുടെ പ്രധാന തുറമുഖമായ ചാബഹാറിൽ നിന്ന് ഒമാൻ ഉൾക്കടലിലേക്കും അറേബ്യൻ കടലിലേക്കും വ്യാപിക്കുന്ന പുതിയ ‘നിയന്ത്രിത സമുദ്ര മേഖല’ സ്ഥാപിക്കാൻ ഒരുങ്ങുന്നതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) നേവി. ഹോർമുസ് കടലിടുക്ക് എന്ന തങ്ങളുടെ പരമ്പരാഗത പ്രവർത്തന മേഖലയ്ക്ക് പുറത്തേക്ക് ഐആർജിസി സ്വാധീനം വ്യാപിപ്പിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഐആർജിസി നേവി കമാൻഡർ അലിറേസ തങ്‌സിരിയാണ് ഈ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പുതിയ നിയന്ത്രിത മേഖല സ്ഥാപിക്കുന്നതെന്നും ഇത് ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ ഈ നീക്കം മേഖലയിലെ സൈനിക സമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.






























