ചെന്നൈ: കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും നാളെ പോളിംഗ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലും അവസാന മണിക്കൂറുകളില്‍ ചൂടേറിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. പരമാവധി ആളുകളെ പങ്കെടുപ്പിച്ച് നാടും നഗരവും ഇളക്കിമറിച്ചായിരുന്നു റോഡ് ഷോകള്‍.
ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ്. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഡി.എം.കെ സഖ്യവും ബി.ജെ.പി എ.ഐ.ഡി.എം.കെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളും ഡിഎംകെക്കൊപ്പം ചേര്‍ന്ന് മത്സരിക്കുന്നുണ്ട്. ജയലളിത അന്തരിച്ചതോടെ അണ്ണാ ഡിഎംകെ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ബിജെപിയുടെ ശക്തി കൊണ്ട് അതിനെ നേരിടാനാണ് എ.ഐ.എ.ഡി.എം.കെയുടെ ശ്രമം. അണ്ണാ ഡിഎംകെ, ബിജെപി സഖ്യത്തിനായി ബിജെപിയുടെ കേന്ദ്രനേതാക്കളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണത്തിനെത്തിയിരുന്നു.
അതേസമയം, ശശികലയുടെ അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ തനിച്ചാണ് മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഡിഎംകെ നേട്ടമുണ്ടാക്കിയിരുന്നു. അതേ ട്രെന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്നാണ് എം.കെ. സ്റ്റാലിന്‍ പറയുന്നത്.