ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാവിന് ബിജെപി പ്രവർത്തകരുടെ ക്രൂരമർദനം. ഡൽഹിയിലെ ബാബർപുരിൽ അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്തു സംസാരിക്കുന്നതിനിടെയാണു സംഭവം. യുവാക്കൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കിയതാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുദ്രവാക്യം മുഴക്കിയ സംഘത്തിലെ ഒരു യുവാവിനെയാണ് പ്രവർത്തകർ തെരഞ്ഞുപിടിച്ചു മർദിച്ചത്. സംഭവം കൈവിട്ടതോടെ അമിത് ഷാ ഇടപെട്ടു. അമിത് ഷായുടെ നിർദേശപ്രകാരം യുവാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.
രാജ്യതലസ്ഥാനത്ത് കലാപം നടത്താൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്ന കോൺഗ്രസും ആം ആദ്മി പാർട്ടിയും അധികാരത്തിൽ വന്നാൽ ഡൽഹി ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപിക്കു വോട്ട് രേഖപ്പെടുത്തിയാൽ ഡൽഹിയിൽ ‘ഷഹീന്‍ ബാഗ്’ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിക്കിടെ ആഭ്യന്തരമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. അരാജകത്വത്തിനല്ല ദേശീയതയ്ക്കാണു ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ പ്രതികൂലമായി ബാധിക്കില്ല. കേജ്‌രിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതു ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടി ബിജെപി അധികാരത്തിലെത്തുമെന്നും ജാവഡേക്കര്‍ പറഞ്ഞു