ന്യൂഡല്‍ഹി: ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുംഭമേളയായാലും റംസാന്‍ ആയാലും കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നതൊന്നും സംഭവിക്കാന്‍ പാടില്ലെന്നും ഷാ വ്യക്തമാക്കി. അതുകൊണ്ടാണ് കുംഭമേള പ്രതീകാത്മകമായി മാത്രം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും അതത് സംസ്ഥാനങ്ങളാണ്. ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യസ്തമാണെന്നും അമിത് ഷാ വ്യക്തമാക്കി. ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമനും അറിയിച്ചിരുന്നു.
അതേസമയം, രാജ്യത്ത് ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം 2.75 ലക്ഷം കടക്കുമെന്നാണ് കരുതുന്നത്. മരണനിരക്ക് മുന്‍പത്തെ പോലെയില്ല. ഓരോ സംസ്ഥാനത്തും ഓക്സിജന്‍ ആവശ്യത്തിന് എത്തിക്കാനുള്ള ശ്രമം കേന്ദ്രം തുടങ്ങി. മദ്ധ്യപ്രദേശില്‍ ആറ് പേര്‍ ഓക്‌സിജന്‍ കിട്ടാതെ ഒരു ആശുപത്രിയില്‍ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. കരിഞ്ചന്തകളില്‍ ഓക്സിജന്‍ സിലണ്ടറുകളുടെ വില്‍പന തടയാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാരുകള്‍.